HOME
DETAILS

ദാഹജലം നിഷേധിക്കുന്ന ഭരണകൂട ഭീകരത

  
backup
November 09 2020 | 21:11 PM

ljgkvhku

കാറ്റത്തണയാത്ത തീജ്വാലയായി സമരരംഗത്ത് വിശേഷിപ്പിക്കാവുന്ന സവിശേഷ വ്യക്തിത്വമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേത്. ഒക്ടോബര്‍ എട്ടിനാണ് മാവോയിസ്റ്റ് ബന്ധവും ഭീമ- കൊറേഗാവ് കേസില്‍പ്പെടുത്തിയും റാഞ്ചിയിലെ വീട്ടില്‍നിന്ന് 83കാരനും പാര്‍ക്കിന്‍സണ്‍സ് രോഗിയുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. വെള്ളം കുടിക്കാന്‍പോലും കഴിയാതെ വിറകൊള്ളുന്ന കൈയില്‍ നിന്ന് ഗ്ലാസും വെള്ളവും തെന്നി ചിതറിക്കൊണ്ടിരിക്കുമ്പോള്‍ ദാഹമകറ്റാന്‍ ഒരു സ്‌ട്രോയും സിപ്പര്‍ കപ്പും മുംബൈയിലെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ട സ്വാമിയോട് 20 ദിവസം കാത്തുനില്‍ക്കാന്‍ പറഞ്ഞ എന്‍.ഐ.എ നിലവില്‍ കേന്ദ്ര സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നു. ദാഹമകറ്റാനുള്ള വെള്ളം കുടിക്കാന്‍ 20 ദിവസം കാത്തുനില്‍ക്കാന്‍ പറയുന്ന ക്രൂരത ജനാധിപത്യ ഇന്ത്യയിലാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്നത്തെ ഇന്ത്യ എന്ന സന്ദേശമാണ് ലോകത്തിന് കിട്ടുന്നതും.


ഒരു മാസമായി ജാമ്യംപോലും നിഷേധിക്കപ്പെട്ട് ഈ മനുഷ്യന്‍ ജയിലില്‍ നരകിക്കുന്നത് മനുഷ്യപക്ഷത്തുനിന്ന് നീതിക്കുവേണ്ടി സംസാരിച്ചതിന്റെ പേരിലാണ്. സ്വാമിയുടെ അറസ്റ്റിനെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ഭരണകൂട ഭീകരതയുടെ ബധിരകര്‍ണങ്ങളിലാണതൊക്കെയും പതിച്ചത്. ആദിവാസികളുടെ മണ്ണും ജലവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തി എന്നതായിരുന്നു സ്റ്റാന്‍ സ്വാമി ചെയ്ത പാതകം. 83ന്റെ പരാധീനതയിലും ആദിവാസികള്‍ക്കുവേണ്ടി സമര പോരാട്ടം നടത്തുന്ന ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്യൂട്ട് വിഭാഗത്തിന്റെ പാതിരിയായി മാത്രമല്ല തന്റെ ജീവിതം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അക്ഷരാഭ്യാസമില്ലാത്തവരും നിഷ്‌കളങ്കരുമായ ആദിവാസികളുടെ ഭൂമി ഭൂവുടമകളും ഖനി മാഫിയകളും തട്ടിയെടുക്കുന്നതിനെതിരേ ആദിവാസികള്‍ക്കൊപ്പം നിന്ന് സമരജ്വാല അണയാതെ നിലനിര്‍ത്തുന്ന പോരാളി കൂടിയാണ് സ്റ്റാന്‍ സ്വാമി.
ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതില്‍ ഭൂപ്രമാണിമാരും ഖനി മാഫിയകളും സര്‍ക്കാരും ഒറ്റക്കെട്ടാണ്. ഇതിനെതിരേയാണ് സ്റ്റാന്‍ സ്വാമി നിര്‍ഭയനായി പൊരുതിയത്. ആദിവാസികളുടെ ഭൂമി മറ്റുള്ളവര്‍ക്ക് കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഭൂമിയേറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെയും ആദിവാസികള്‍ക്ക് പ്രാതിനിധ്യമുള്ള ഉപദേശക സമിതിയുടെയും അംഗീകാരം വേണം. ഈ പഴുതുപയോഗിച്ചുകൊണ്ടാണ് ആദിവാസികളുടെ ഭൂമി ഭൂമാഫിയകള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്നത്. 21 ലക്ഷം ഏക്കര്‍ ആദിവാസി ഭൂമി ലാന്‍ഡ് ബാങ്കിലേക്കെന്ന് വ്യാജരേഖയുണ്ടാക്കി ഈവിധം തട്ടിയെടുത്തു. ആദിവാസികള്‍ക്ക് ഭരണഘടനയിലെ അഞ്ചാംപട്ടിക ഉറപ്പുനല്‍കുന്ന സംരക്ഷണമെല്ലാം അട്ടിമറിക്കപ്പെട്ടു. ഇതിനെതിരേയുള്ള സമരങ്ങളിലൂടെയാണ് സ്റ്റാന്‍ സ്വാമി പൊതുമണ്ഡലത്തില്‍ ശ്രദ്ധനേടിയതും സര്‍ക്കാരിന്റെയും മാഫിയകളുടെയും കണ്ണിലെ കരടായതും.


സ്വാമിയെ എങ്ങനെയെങ്കിലും അകത്താക്കാന്‍ സര്‍ക്കാരും മാഫിയകളും തക്കംപാര്‍ത്തിരിക്കുമ്പോഴാണ് ഭീമ- കൊറേഗാവ് നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ സംഘര്‍ഷം കേന്ദ്ര സര്‍ക്കാരിനും ഖനി മാഫിയകള്‍ക്കും അവസരമൊരുക്കിക്കൊടുത്തത്. സമരങ്ങളെല്ലാം തീര്‍ത്തും സമാധാനപരമായി നയിച്ച സ്വാമിയെ സംഘര്‍ഷത്തിന് കാരണക്കാരന്‍ എന്നാരോപിച്ചും മാവോയിസ്റ്റ് ബന്ധം ചാര്‍ത്തിയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം കിട്ടാതിരിക്കാന്‍ യു.എ.പി.എ ചുമത്തുകയും ചെയ്തു.


എക്കാലത്തും മാവോയിസ്റ്റ് സമരങ്ങളെ എതിര്‍ത്തിരുന്ന സ്വാമിയെ മാവോയിസ്റ്റ് ബന്ധം തന്നെ ആരോപിച്ച് അറസ്റ്റ് ചെയ്തതിന്റെ യുക്തി ഭരണകൂട ഭീകരതയുടെ അതിരുകളില്ലാത്ത പകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണ കൂടാതെ തടവിലിടുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന സ്വാമിയെ അതേനയം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തുറുങ്കിലടയ്ക്കുമ്പോള്‍ സാധാരണ മനുഷ്യരുടെ ആത്മാഭിമാനത്തെ എത്ര ക്രൂരമായിട്ടാണ് ഭരണകൂടങ്ങള്‍ തച്ചുതകര്‍ത്ത് കൊണ്ടിരിക്കുന്നതെന്ന ബോധ്യത്തിന് മറ്റെന്ത് തെളിവുവേണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ അവസാനത്തെ ഇരയാണ് സ്റ്റാന്‍ സ്വാമി.
2015ല്‍ സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം മനുഷ്യസ്‌നേഹികളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവില്‍ കഴിയുന്ന 97 ശതമാനം പേരും നിരപരാധികളാണെന്നും മാസത്തില്‍ അയ്യായിരം രൂപയില്‍ താഴെ വരുമാനമുള്ള പരമദരിദ്രരാണ് അവരില്‍ 97 ശതമാനമെന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞു എന്നതായിരുന്നു ഭരണകൂടത്തിനെതിരേ സ്വാമി ചെയ്ത മഹാപരാധം.
ഗുരുതരമായ പാര്‍ക്കിന്‍സണ്‍സ് രോഗവും പ്രയാധിക്യത്തിന്റെ നോവുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയാണ് അര്‍ധരാത്രിയില്‍ റാഞ്ചിയിലെ വീട്ടില്‍ നിന്ന് എന്‍.ഐ.എ കൊടുംഭീകരനെപ്പോലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അതിനുമാത്രം എന്ത് പാതകമാണ് ഈ വയോവൃദ്ധന്‍ ഭരണകൂടത്തോട് ചെയ്തത്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതാണോ താന്‍ ചെയ്ത കുറ്റമെന്ന സ്റ്റാന്‍ സ്വാമിയുടെ ചോദ്യം ഉത്തരമില്ലാതെ, അറസ്റ്റ് ചെയ്ത് മാസം കഴിഞ്ഞിട്ടും അവശേഷിക്കുന്നു.


ഭീകരാക്രമണ കേസിലെ മുഖ്യപ്രതി പ്രജ്ഞാസിങ് ഠാക്കൂര്‍ ഭരണത്തിന്റെ ഭാഗമാണിന്ന്. ഹത്രാസിലെ ദലിത് പെണ്‍കുട്ടിയുടെ ഇടുപ്പെല്ല് മുതല്‍ കവിളെല്ലുകള്‍ വരെ തല്ലിത്തകര്‍ത്ത കൊലയാളികളെ രക്ഷപ്പെടുത്താന്‍ യു.പി ഭരണകൂടവും കേന്ദ്ര സര്‍ക്കാരും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു ഇന്ത്യയില്‍ സ്റ്റാന്‍ സ്വാമിമാര്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ വിചാരണയില്ലാതെ അനന്തമായി കാരാഗൃഹങ്ങളില്‍ അടച്ചിടപ്പെടും. ലഘുവായ മാനുഷിക സമീപനം പോലും ഈ മനുഷ്യസ്‌നേഹികള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്. ഏകാധിപതികളും വംശീയവാദികളുമായ രാഷ്ട്രത്തലവന്‍മാര്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്ത് നീതിക്കുവേണ്ടി സമരംചെയ്യുന്ന വിവിധ രാഷ്ട്രങ്ങളിലെ അധഃസ്ഥിതര്‍ക്ക് സ്റ്റാന്‍ സ്വാമിയുടെ പോരാട്ടങ്ങള്‍ ഊര്‍ജം പകരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago