ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ മുണ്ടകന്‍ കൃഷി പ്രതിസന്ധിയില്‍
അന്തിക്കാട്: ജില്ലയിലെ പ്രമുഖ വിത്തുല്പാദന കേന്ദ്രമായ ചെമ്മാപ്പിള്ളി ശ്രീരാമന്‍ചിറ പാടശേഖരത്തിലെ വിരിപ്പ് കൃഷി പ്രളയത്തില്‍ നശിച്ചതു മൂലം മേഖലയിലെ മുണ്ടകന്‍ കൃഷി പ്രതിസന്ധിയില്‍.
86 ഏക്കറിലെ വിരിപ്പ് കൃഷി പൂര്‍ണമായും നശിച്ചതോടെ വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ജില്ലയിലെ പ്രധാന കോള്‍ പടവുകളായ അന്തിക്കാട്, പുള്ള്, ആലപ്പാട് എന്നിവിടങ്ങളിലെ മുണ്ടകന്‍ കൃഷിക്ക് വിത്തിനായി കര്‍ഷകര്‍ ആശ്രയിക്കുന്നത് ശ്രീരാമന്‍ചിറ പാടശേഖരത്തെയാണ്.
എന്നാല്‍ പ്രളയത്തില്‍ ഇവിടെത്തെ വിരിപ്പ് കൃഷി പൂര്‍ണമായും നശിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിത്തുക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ അമിത വിലക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിത്ത് വാങ്ങേണ്ട ഗതികേടിലാണ്. 1600 ക്വിന്റല്‍ വിത്താണ് പ്രളയത്തില്‍ നശിച്ചത്. 75 ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതുമൂലം ഉണ്ടായിട്ടുള്ളത്.
പണ്ടം പണയംവച്ചും അമിത പലിശയ്ക്ക് ബാങ്കില്‍ നിന്ന് ലോണെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്.
കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ ഉടന്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 1700 ക്വിന്റല്‍ വിത്താണ് ശ്രീരാമന്‍ചിറയില്‍ ഉല്പാദിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."