അര്‍ഹതയുള്ളവര്‍ക്ക് ജോലി നല്‍കാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി
വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അനധികൃത നിയമനം നേടിയതുമായി ബന്ധപ്പെട്ടുള്ള പി ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കല്‍പ്പറ്റ: സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ വികലാംഗരെ പുറത്താക്കി അര്‍ഹരായ വികലാംഗര്‍ക്ക് ജോലി നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വികലാംഗര്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറിക്കൂടിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അനധികൃത നിയമനം നേടിയതുമായി ബന്ധപ്പെട്ടുള്ള പി ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വയനാട്ടില്‍ പതിമൂന്ന് പേര്‍ നിയമനം നേടിയിട്ടുണ്ടെന്നും ഇവരില്‍ മൂന്നുപേരെ സര്‍വിസില്‍ നിന്ന് പിരിച്ചു വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
പടിഞ്ഞാറത്തറ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്തിരുന്ന ടി മനോജ് 2011 ഒക്ടോബര്‍ 11 മുതല്‍ സസ്‌പെന്‍ഷനിലാണെന്നും ബാക്കിയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളെ സര്‍വിസില്‍ പുന:പ്രവേശിപ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്ക് വി.എഫ്.എ ശറഫുദ്ധീനെയാണ് സര്‍വിസില്‍ പുന:പ്രവേശിപ്പിച്ചത്.
ടി.ആര്‍ സുശീല (എസ്.വി.ഒ അമ്പലവയല്‍), ഷറഫുദ്ധീന്‍ (വി.എഫ്.എ മാനന്തവാടി താലൂക്ക്), എം.പി ഷൈലജ(ഡി.എം.ഒ ഓഫിസ്. നിലവില്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍), ഭാരതി(ഹെഡ് ക്ലാര്‍ക്ക്, സബ് കോടതി സുല്‍ത്താന്‍ ബത്തേരി), സി.എസ് ബിന അനിത പനയംതട്ട (സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് കല്‍പ്പറ്റ), ഉഷാകുമാരി പിള്ള (ടി.ഡി.ഒ മാനന്തവാടി), കെ ഷീന (കബനി പ്രൊജക്ട് മാനന്തവാടി), മഹേഷ് മുതുമലയില്‍ (ചീഫ് കണസര്‍വേറ്റര്‍ ഓഫിസ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍), പി ഓമന(കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ കല്‍പ്പറ്റ), പി വനജ(അസി.ഡയരക്ടര്‍, സഹകരണ വകുപ്പ് കണ്ണൂര്‍), ടി മനോജ് (പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറത്തറ), ടി.പി ബീബി(അസി.ഡയരക്ടര്‍ ഓഡിറ്റ് വയനാട്) എന്നിവരാണ് വ്യാജ സര്‍ഫിക്കറ്റ് നല്‍കി നിയമനം നേടിയതെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിലുള്ളത്.
ഇതില്‍ ടി.ആര്‍ സുശീല, കെ ഷീന, മഹേഷ് മുതുമലയില്‍ എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിന് ശേഷമാണ് ഉഷാകുമാരി പിള്ളയെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട് ട്രൈബല്‍ വകുപ്പ് ഉത്തരവിട്ടത്.1990-95 കാലയളവില്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലോബിയാണ് വ്യാജവികലാംഗരുടെ നിയമനത്തിന് ചുക്കാന്‍ പിടിച്ചത്.
ജില്ലാ മെഡിക്കല്‍ ബോര്‍ഡിലുള്ളവരെയും ഉദ്യോഗസ്ഥരെയും ഇതിനായി കൂട്ടുപിടിച്ചിരുന്നു. കേള്‍വി ശക്തി കുറവാണെന്ന സര്‍ട്ടിഫിക്കറ്റാണ് ജോലി കിട്ടിയവരെല്ലാം ഹാജരാക്കിയിരുന്നത്.
സര്‍വിസിലുള്ളവര്‍ ജോലിയില്‍നിന്നും പിരിച്ചു വിടപ്പെടുമ്പോള്‍ അന്ന് മെഡിക്കല്‍ ബോര്‍ഡിലുള്ള ഡോക്ടര്‍മാര്‍ വരെ സംശയത്തിന്റെ നിഴലിലാവുകയാണ്. ജോലി നഷ്ടമാകുന്നവര്‍ കോടതിയെ സമീപിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടര്‍മാരും നിയമത്തിന് മുന്നില്‍ എത്തേണ്ടിവരുമെന്നും സൂചനയുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."