കക്കാടംപൊയിലിലെ വിവാദ തടയണ ഇന്ന് പൊളിച്ച് തുടങ്ങും
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടെപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ ഇന്ന് പൊളിച്ച് തുടങ്ങും. പതിനഞ്ചു ദിവസത്തിനകം തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കലക്ടറോട് 15 ദിവസത്തിനകം തടയണ പൊളിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ 14ന് ഉത്തരവിട്ടത്. ഇനിയൊരു മനുഷ്യനിര്‍മിത ദുരന്തം താങ്ങാന്‍ കേരളത്തിനാവില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തടയണ പൊളിക്കാന്‍ ആവശ്യമായി വരുന്ന ചെലവ് അന്‍വറിന്റെ ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ ലത്തീഫില്‍നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തടയണ പൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്നലെ പെരിന്തല്‍മണ്ണയില്‍ സബ് കലക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതിയോഗം ചേര്‍ന്നു വിലയിരുത്തി. ഏറനാട് തഹസില്‍ദാര്‍ സി. ശുഭന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, വനം, പൊലിസ് തുടങ്ങി 10 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തി. ഇന്നു രാവിലെ ഒന്‍പതിന് ഇറിഗേഷന്‍ എന്‍ജിനീയര്‍മാരടങ്ങുന്ന സാങ്കേതിക വിദഗ്ധരെത്തി തടയണ പൊളിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടര്‍ നേതൃത്വം നല്‍കും. മുകളില്‍ 12 മീറ്ററും താഴെ ആറു മീറ്റര്‍ വീതിയിലുമായിരിക്കും തടയണ പൊളിക്കുക. തടയണ പൊളിച്ച് ജൂലൈ രണ്ടിന് മലപ്പുറം കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് തടയണയിലെ വെള്ളം അടിയന്തരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഇക്കഴിഞ്ഞ എപ്രില്‍ 10ന് ഉത്തരവിട്ടത്. എന്നിട്ടും തടയണയുടെ ഒരു ഭാഗത്ത് മണ്ണുനീക്കുകയല്ലാതെ തടയണ പൊളിച്ച് വെള്ളം പൂര്‍ണമായും ഒഴുക്കിവിട്ടില്ല. ഇതോടെയാണ് ഹൈക്കോടതി തടയണ പൊളിക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
ചീങ്കണ്ണിപ്പാലിയില്‍ മലയിടിച്ചാണ് കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് പി.വി അന്‍വര്‍ മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച കേസില്‍ കക്ഷിചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."