സാജന്‍ പ്രകാശിന് 'ഇരട്ടി'മധുരം
തിരുവനന്തപുരം: ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ കേരള താരം സാജന്‍ പ്രകാശിന് ദേശീയ റെക്കോര്‍ഡോടെ ഇരട്ട സ്വര്‍ണം. പത്ത് മിനുട്ടുകളുടെ ഇടവേളയില്‍ പിരപ്പന്‍കോട് അക്വാട്ടിക് സെന്ററിലെ നീന്തല്‍ കുളത്തില്‍നിന്ന് കയറിയത് രണ്ട് ദേശീയ റെക്കോര്‍ഡും ഇരട്ടസ്വര്‍ണവുമായി. നല്‍കിയ ജോലിക്ക് ശമ്പളം നല്‍കാതെ അധികാരത്തിന്റെ ഇടനാഴികള്‍ ചുവപ്പുനാടയില്‍ കുരുക്കിയിട്ടിരിക്കുന്ന സാജന്‍ അമ്മയുടെ തണലിലാണ് കേരളത്തിനായി നീന്താനെത്തിയത്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആയിരുന്നു സാജന്‍ പ്രകാശ് ദേശീയ റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം കേരളത്തിന് സമ്മാനിച്ചത്. ആദ്യമായി മത്സരത്തിനിറങ്ങിയ 200 മീറ്റര്‍ മെഡ്‌ലേയില്‍ സാജന്റെ അപ്രമാധിത്യമായിരുന്നു. ലോകനീന്തല്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ രാജ്യാന്തര ചാംപ്യന്‍ഷിപ്പുകള്‍ ലക്ഷ്യമിട്ട് ദീര്‍ഘദൂര ഇനമായ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍നിന്ന് സാജന്‍ പ്രകാശ് പിന്മാറിയാണ് 200 മീറ്റര്‍ മെഡ്‌ലേയില്‍ മത്സരത്തിനിറങ്ങിയത്. മാനസികമായ തയാറെടുപ്പുകളുടെ ഭാഗമായിട്ടായിരുന്നു മത്സരയിനങ്ങളിലെ മാറ്റം. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജന്‍ വെല്ലുവിളി ഉയര്‍ത്തി. മൂന്നാം ലാപ്പില്‍ ശ്രീഹരിയുടെ വെല്ലുവിളിയെ അനായാസം മറികടന്നു സാജന്‍ 1.50.35 സെക്കന്റില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. ദേശീയ ഗെയിംസിലെ മെഡല്‍വേട്ടയ്ക്ക് ശേഷം ആദ്യമായാണ് സാജന്‍ വീണ്ടും കേരളത്തിലെ നീന്തല്‍കുളത്തില്‍ മത്സരിക്കാനിറങ്ങിയത്. സാജന്റെ സ്വര്‍ണ വേട്ടയോടെയാണ് ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന് പിരപ്പന്‍കോട് രാജ്യാന്തര നീന്തല്‍കുളത്തില്‍ തുടക്കമായതും. കര്‍ണാടകയുടെ ശ്രീഹരി നടരാജന്‍ (1.51.49) വെള്ളിയും സിമ്മിങ് ഫെഡറേഷന്റെ ബാനറിലിറങ്ങിയ ആര്യന്‍ മാക്ജ (1.52.47) വെങ്കലവും നേടി. 200 മീറ്റര്‍ മെഡ്‌ലേയില്‍ 2.05.83 സെക്കന്റിലായിരുന്നു സാജന്റെ രണ്ടാമത്തെ ദേശീയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവേട്ട. കര്‍ണാടകയുടെ രഹന്‍ പോഞ്ച 2009 ല്‍ സ്ഥാപിച്ച 2.05.89 സെക്കന്റ് സമയമാണ് സാജന്റെ നീന്തലിന് മുന്നില്‍ വഴിമാറിയത്. ആര്‍.എസ്.പി.ബി താരങ്ങളായ സനു ദേബ്‌നാഥ് ( 2:09.06) വെള്ളിയും സുപ്രിയ മൊണ്ടല്‍ ( 2:09.79) വെങ്കലവും നേടി. ആദ്യദിനത്തില്‍ അഞ്ച് ദേശീയ റെക്കോര്‍ഡുകളാണ് നീന്തല്‍കുളത്തില്‍ പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."