കൊറിയന്‍ ഉച്ചകോടി: മിസൈല്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ധാരണ
പോങ്യാങ്: കൊറിയന്‍ ഉച്ചകോടിക്കിടെ ഉത്തരകൊറിയയിലെ പ്രധാന മിസൈല്‍ കേന്ദ്രം അടുച്ചുപൂട്ടാന്‍ ധാരണ. വിദേശ വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും അടച്ചുപൂട്ടലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ പ്രഖ്യാപിച്ചു. ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡോങ്‌ചോങ്ങ്-റിയിലെ മിസൈല്‍ എന്‍ജിന്‍ പരീക്ഷണ കേന്ദ്രവും വിക്ഷേപണ കേന്ദ്രവും സ്ഥിരമായി അടുച്ചുപൂട്ടാനാണ് ഉ.കൊറിയ അംഗീകരിച്ചത്. യോങ്ബിയോണിലെ ആണവ കേന്ദ്രവും പൂട്ടാന്‍ കിം സമ്മതിച്ചു. കൊറിയന്‍ പ്രദേശം ആണവായുധങ്ങളോ, ആണവായുധ ഭീഷണികളോ ഇല്ലാത്ത സമാധാന പ്രദേശമായി മാറും. ആണവനിരായുധീകരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്. അര്‍ഥപൂര്‍ണമായ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷണികൊറിയന്‍ തലസ്ഥാനമായ സിയോളില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളിലുണ്ടായ ശത്രുതയും സംഘര്‍ഷങ്ങളും ഇല്ലാതാക്കാനായി അതിര്‍ത്തികള്‍ സൈനിക രഹിതമാക്കാന്‍ തീരുമാനിച്ചു.
2032ല്‍ നടക്കുന്ന ശൈത്യ കാല ഒളിംപിക്‌സ് സംയുക്തമായി നടത്താനും 2020ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ സജീവ പങ്കാളിത്വം വഹിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇരു കൊറിയകള്‍ക്കിടയിലെ റെയില്‍വേ പദ്ധതി, ഇരു രാജ്യങ്ങളിലുമായി യുദ്ധത്തില്‍ വേര്‍പിരിക്കപ്പെട്ടവരുടെ പുനരേകീകരണത്തില്‍ കൂടുതല്‍ കുടുംബങ്ങളെ പങ്കെടുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉച്ചകോടിയില്‍ ധാരണയായി.
അതിനിടെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ അടച്ചുപൂട്ടാന്‍ ഉ.കൊറിയ സന്നദ്ധത അറിയിച്ചതിനെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കിമ്മും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ ആണവ നിരായുധീകരണത്തിന് ധാരണയായിരുന്നു.
എന്നാല്‍ ആണവ നിരായുധീകരണ പുരോഗതിക്കായി കൃത്യ സമയങ്ങള്‍ നിശ്ചയിച്ചിരുന്നില്ല. നിരായുധീകരണത്തിനായി ഉ.കൊറിയ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗം നിരീക്ഷകരുടെയും വിലയിരുത്തല്‍.
എന്നാല്‍ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളില്‍ പലരുടെയും ധാരണകള്‍ തെറ്റായിരുന്നുവെന്ന് കിം തെളിയിക്കുമെന്ന് ട്രംപ് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. വീണ്ടും കൂടിക്കാഴ്ച നടത്താനായി കിമ്മിന്റെ കത്ത് ലഭിച്ചതിന് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."