നഷ്ടപ്പെട്ടു പോയ മാമ്പഴക്കാലത്തിന്റെ ഓര്‍മകളുമായി 'മാങ്ങ'
എരുമപ്പെട്ടി: നഷ്ടപ്പെട്ടു പോയ മാമ്പഴക്കാലത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോവുകയാണ് മാങ്ങയെന്ന ലഘുനാടകം. വിഷലിപ്തമായ പഴങ്ങളും കായ്കറികളും നമ്മുടെ ആരോഗ്യം കവര്‍ന്നെടുക്കുമ്പോള്‍ മലയാളികളില്‍ നിന്ന് അകന്നു പോയ്‌കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന നാടകത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എരുമപ്പെട്ടി പ്രസിഡന്‍സി കോളജിലെ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേദിയിലാണ് നാടകം അരങ്ങേറിയത്. മാവും പ്ലാവും നിറഞ്ഞു നില്‍ക്കുന്ന തൊടികള്‍, മൂത്ത് പഴുത്ത് വീഴുന്ന മാങ്ങ കൊതിയോടെ പെറുക്കിയെടുത്ത് കഴിച്ചിരുന്ന കാലം, ആ മാമ്പഴക്കാലത്തിന്റെ മധുരമൂറുന്ന ഓര്‍മകളിലേക്ക് മലയാളികളെ കൈപിടിച്ച് കൊണ്ട് പോവുകയാണ് ഈ ലഘു നാടകം.
എരുമപ്പെട്ടിയിലേയും പരിസര പ്രദേശങ്ങളിലേയും നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എരുമപ്പെട്ടി തിയറ്റര്‍ എത്തിക്‌സ് ആണ് പതിനഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള നാടകം പ്രേക്ഷകരിലെത്തിക്കുന്നത്.
നാടകങ്ങളുടെ പതിവ് ശൈലി വിട്ട് കാണികളേ കൂടി കഥാപാത്രങ്ങളാക്കികൊണ്ട് അവരോടെ നേരിട്ട് സംവദിക്കുന്ന അവതരണ രീതിയാണ് മാങ്ങയെന്ന ലഘു നാടകത്തെ വ്യത്യസ്തമാക്കുന്നത്. വയോധികയായ റോസ് എളേമയും മകന്‍ ജോണിക്കുട്ടിയുമാണ് കഥാപാത്രങ്ങള്‍.
ചട്ടയും മുണ്ടും ധരിച്ച് കയ്യിലെ സഞ്ചിയില്‍ നിറയെ മാമ്പഴവും ഒരു മാവിന്‍ തൈയുമായി കാണികള്‍ക്കിടയിലൂടെ വര്‍ത്തമാനം പറഞ്ഞ് വേദിയിലെത്തുന്ന റോസ് എളേമ്മ തൊടിയും വയലുകളും പൂത്ത് തളിര്‍ത്ത് നിന്നിരുന്ന കാര്‍ഷിക വസന്തകാലത്തെ പുതുതലമുറക്ക് വരച്ചുകാട്ടുന്നതോടൊപ്പം വിഷമയമായ ഭഷ്യ വസ്തുക്കള്‍ വികലമാക്കുന്ന ശരീരത്തേയും മനസിനേയും കുറിച്ചുള്ള ആശങ്കയും പങ്കുവെക്കുന്നു.
തൊടിയിലെ മാവും പ്ലാവും ഉള്‍പ്പടെയുള്ള ഫല വ്യക്ഷങ്ങള്‍ മുറിച്ച് മാറ്റി ആധുനിക വിപണിയിലെ വിഷഫലങ്ങള്‍ വാങ്ങി ഭക്ഷിക്കുന്ന പുതു തലമുറയുടെ പ്രതീകമായ മകന്‍ ജോണികുട്ടിയില്‍ നിന്നും അവശേഷിക്കുന്ന മാവിനെ തന്റെ കരവലയത്തിലൊതുക്കി സംരക്ഷിക്കുന്ന റോസ് എളേമ്മ വരും തലമുറക്ക് ഒരു മാമ്പഴക്കാലം സമ്മാനിക്കുന്നതിനായി കാണികളെ കൂടെ കൂട്ടി ഒരു മാവിന്‍ തൈ നട്ടാണ് നാടകം അവസാനിപ്പിക്കുന്നത്.
പ്രധാനമായും ഞാറ്റുവേല ചന്തകളേയും കാര്‍ഷിക മേളകളേയും ലക്ഷ്യമിട്ട് ആരംഭിച്ച നാടകം ഇപ്പോള്‍ സ്‌കൂളുകളും കലാലയങ്ങളും കയ്യടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സുനില്‍ ചൂണ്ടലാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. റോസ് എളേമ്മയായി കണ്ണന്‍ തുരുത്തും, ജോണിക്കുട്ടിയായി രാജേഷ് അമ്പലപ്പാട്ടുമാണ് വേഷമിട്ടിരിക്കുന്നത്. സാമൂഹിക പ്രസ്‌കതിയുള്ള ആശയവും ലളിതമായ അവതരണ ശൈലികൊണ്ടും ശ്രദ്ധേയമാണ് ഈ നാടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."