പൈലറ്റില്ലാത്ത വിമാനം പോലെയാണ് കേരള ഭരണം മുന്നോട്ട് പോകുന്നതെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: പൈലറ്റില്ലാത്ത വിമാനം പോലെയാണ് കേരള ഭരണം മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ഭരണത്തില്‍ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. ഇ-ഫയലിംഗിലൂടെ ഭരണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. വെള്ളപ്പൊക്കത്തെ പ്രളയമായി മാറ്റിയ ഗവണ്‍മെന്റാണ് പിണറായിയുടേത്. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായ ദുരന്തമാണ് ഈ പ്രളയമെന്നും, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടന്ന യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം ഉണ്ടായശേഷം മൂന്ന് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ചത്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പ്രളയ ബാധിത ദുരിത ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണം. ഭോപ്പാല്‍ ദുരന്തം ഉണ്ടായപ്പോള്‍ ചെയ്തതുപോലെ ട്രൈബ്യൂണല്‍ രൂപീകരിക്കണം. എന്നാല്‍, ഇത് മുഖ്യമന്ത്രി നിരാകരിക്കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോളിഡേ പ്രഖ്യാപിച്ച സര്‍ക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍. കേരളത്തില്‍ ഭരണ കൂടം ഇല്ലാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥന്മാരെ രണ്ടുതരം പൗരന്മാരായി മാറ്റിക്കൊണ്ട് നിര്‍ബന്ധിത പണപ്പിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് അകത്തെ സ്ത്രീകള്‍ക്ക് പോലും സുരക്ഷിതമായി ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
സര്‍ക്കാര്‍ ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ്. ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിലും പി കെ ശശി എം എല്‍ എയുടെ കാര്യത്തിലും ഇതാണ് വ്യക്തമാകുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ത്രീയുടെ മാനം പിച്ചിച്ചീന്തുന്നവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒരുവശത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നീങ്ങുമ്പോള്‍ മറുവശത്ത് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നത്.
രാജ്യത്തെ ഭിന്നിപ്പിക്കുകയും മതേതരത്വത്തെ തകര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളത് അല്ല എന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറയുന്നത്. നാലരവര്‍ഷക്കാലത്തെ മോദി ഭരണത്തിനു കീഴില്‍ സാമ്പത്തികരംഗം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. നോട്ട് നിരോധനം മൂലം നാല്‍പ്പതിനായിരം പേര്‍ക്കും ജി എസ് ടി നടപ്പിലാക്കിയതിലൂടെ അറുപതിനായിരം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ജി എസ് ടിയുടെ അന്തസത്ത തന്നെ മോദിഭരണകൂടം തകര്‍ത്തുകളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും കേന്ദ്രം നല്‍കുന്നില്ല.
ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ജനങ്ങളോട് മാപ്പുപറയണം. ഭൂരിപക്ഷ വര്‍ഗീയതയിലൂന്നി വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് മോദി നടത്തുന്നത്. രാജ്യത്ത് കിട്ടാക്കടം വര്‍ധിക്കുമ്പോഴും കോര്‍പ്പറേറ്റുകള്‍ക്കും മറ്റും വേണ്ടിയാണ് കേന്ദ്രം ഭരണം കൈയ്യാളുന്നത്. പതിനൊന്ന് ലക്ഷം കോടി രൂപയാണ് പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലൂടെ സര്‍ക്കാരുകള്‍ നേടിയെടുത്ത്. ഈ വിലവര്‍ധനയിലൂടെ സന്തോഷിക്കുന്ന രണ്ട് വ്യക്തികളാണ് മോദിയും പിണറായി വിജയനുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് യോഗത്തില്‍ സംസാരിച്ച കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. മോദിസര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. മോദിയെ പുറത്താക്കിയില്ലെങ്കില്‍ രാജ്യം അധപതനത്തിലേക്ക് പോകും. ഇല്ലാത്തവന്റെ കൈയ്യില്‍ നിന്നും പിടിച്ചുപറിച്ച് ഉള്ളവന് കൊടുക്കുന്ന കൊള്ളക്കാരനാണ് നരേന്ദ്രമോദി. കേരളത്തില്‍ എല്‍ ഡി എഫിന്റെ പരാജയം ഉണ്ടെങ്കില്‍ മാത്രമെ രാജ്യത്ത് മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയൂ. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സ്ത്രീ പീഡന വിഷയത്തില്‍ സി പി എമ്മിന്റെ നിലപാട് നീതിരഹിതമാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി അധ്യക്ഷനായിരുന്നു. ഘടകകക്ഷി നേതാക്കളായ കെ പി എ മജീദ്, തോമസ് ഉണ്ണ്യാടന്‍, അനൂപ് ജേക്കബ് എം എല്‍ എ, എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, അഡ്വ. ജോസ് ജോസഫ്, ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, നേതാക്കളായ വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, സി പി മുഹമ്മദ്, ബി രാജേന്ദ്രന്‍ നായര്‍, വി ഡി ജോസഫ്, ജോബി ജോണ്‍, നിശ്ചലാനന്ദന്‍, കലാധരന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, പിജെ പൗലോസ്, പി വി രാജേഷ്, കെ എ ചന്ദ്രന്‍, ജോബി ജോണ്‍, മുഹമ്മദ് കുഞ്ഞി, എ സുമേഷ്, സി എ എം എ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."