ലോക ഹെപ്പറ്റൈറ്റിസ് ദിനം ഇന്ന്; മുന്‍കരുതല്‍ വേണമെന്ന് വിദഗ്ധര്‍
കൊച്ചി: പ്രതിവര്‍ഷം മൂന്നരലക്ഷം പേരുടെ മരണത്തിനു കാരണമാകുന്ന ആരോഗ്യപ്രശ്‌നമായ ഹെപ്പറ്റൈറ്റിസിനെ കുറിച്ച് മുന്‍കരുതല്‍ വേണമെന്ന് വിദഗ്ധര്‍. സ്വമനസാലെ രക്തം ദാനംചെയ്യുന്ന 0.8 മുതല്‍ 1.6 ശതമാനംവരെ ആളുകളില്‍ രോഗബാധ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹെപ്പറ്റൈറ്റിസിന് ഇതുവരെ യാതൊരു വാക്‌സിനേഷനും കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ ആധിക്യം കൂടുതലായതിനാല്‍ ഈ മാറാവ്യാധി എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇവയില്‍ പലതിനെയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയുമെങ്കിലും ഹെപ്പറ്റൈറ്റിസ്-സി വില്ലനാവുകയാണ്. ഇത് വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ കരള്‍രോഗമാണ്. ഹെപ്പറ്റൈറ്റിസ്-സി രോഗമുള്ള പലരും ഇക്കാര്യം തിരിച്ചറിയാത്തതിനാല്‍ നിശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹെപ്പറ്റൈറ്റിസ്-സി കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ രോഗം തിരിച്ചറിയുന്നതിനും പുതിയ വൈദ്യശാസ്ത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രോഗം ഇല്ലാതാക്കുന്നതിനും ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കണമെന്ന് കരള്‍രോഗ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് സാധാരണക്കാര്‍ക്ക് കാര്യമായ അറിവില്ലെന്നു ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. രോഗത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് പലപ്പോഴും ഇതിനെ തിരിച്ചറിയുന്നത്. ലോകമെങ്ങും 184 ദശലക്ഷം ആളുകള്‍ക്ക് രോഗബാധയുള്ളതായായി കണക്കാക്കുന്നുവെന്ന് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. പ്രകാശ് സഖറിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."