ഭീമകൊറേഗാവ് കേസ്; വരവര റാവുവിന്റെ ജാമ്യാപേക്ഷയുമായി കുടുംബം ബോംബെ ഹൈക്കോടതിയില്‍
മുംബൈ: ഭീമകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ തുടരുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതിയില്‍ കുടുംബം. ചികിത്സ കിട്ടാതെ ജയിലില്‍ നരകിക്കുന്ന 80 വയസുള്ള വരവര റാവുവിന് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
'കിടപ്പിലാണ് അദ്ദേഹം. മൂത്ര വിസര്‍ജനം നിയന്ത്രിക്കാനാകാത്ത വിധം രോഗിയായ അദ്ദേഹം യൂറിന്‍ ബാഗുമായാണ് ജീവിക്കുന്നത്.' ഈ അവസ്ഥയില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് അദ്ദേഹം ഒളിച്ചോടാന്‍ ശ്രമിക്കുമോ എന്ന് ഇന്ദിര ജയ്‌സിങ് ചോദിച്ചു. രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന തടവ് 80 കാരനായ വരവര റാവുവിന്റെ ആരോഗ്യം തകര്‍ത്തിട്ടുണ്ട്. ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ന്റെ നഗ്‌നമായ ലംഘനമാണ്. ജാമ്യം നല്‍കി ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മുംബൈയിക്കടുത്ത തലോജ ജയിലിലാണ് വരവര റാവുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇതേ കേസില്‍ അവിടെ തടവിലുള്ള സ്റ്റാന്‍ സ്വാമിയാണ് വരവര റാവുവിന്റെ അതിദയനീയാവസ്ഥ അഭിഭാഷകരെ അറിയിച്ചത്. ജയിലില്‍ വെച്ച് വരവരറാവുവിന് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
പരിചരണത്തിന് കുടുംബത്തിന് അവസരം ലഭിക്കുന്ന തരത്തില്‍ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാണ് ഇന്ദിര ജയ്‌സിങ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആരോഗ്യസ്ഥിതിയില്‍ വിചാരണ നടപടി പോലും നേരിടാന്‍ അദ്ദേഹത്തിനാകില്ലെന്നും അവര്‍ ചൂണ്ടികാട്ടി.
2018 ജനുവരിയിലാണ് ഭീമകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവര റാവുവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. 2017 ഡിസംബര്‍ 31 ന് പൂനെയില്‍ ഭീമകൊറേഗാവ് യുദ്ധ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ വരവര റാവു നടത്തിയ പ്രസംഗം പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."