കുമ്പളയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം
കുമ്പള/ മഞ്ചേശ്വരം: കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കണിപുരത്ത് ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമവും മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാടയില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ചയും നടന്നു. ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ആഭരണങ്ങളുമായി രക്ഷപ്പെടാനൊരുങ്ങിയ മോഷ്ടാവ് ക്ഷേത്ര കാവല്‍ക്കാരന്‍ കണ്ടതിനാല്‍ ആഭരണങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 50000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.
കണിപുരത്ത് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലാണ് വന്‍ കവര്‍ച്ചാ ശ്രമം നടന്നത്. ക്ഷേത്ര ശ്രീകോവിലിനു പുറത്ത് സോപാനത്തിന്റെ രണ്ടു ചുമരുകളില്‍ മരത്തില്‍ തീര്‍ത്ത ജയവിജയദേവന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ മുഖാവരണവും വെള്ളിയാഭരണങ്ങളും അടര്‍ത്തിയെടുത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീകോവിലിലേക്കു കയറുന്ന മൂന്നു പടികളില്‍ ചെമ്പ് തകിടും വെള്ളിത്തകിടും വിരിച്ചിരുന്നു.
സ്‌ക്രൂ ഇളക്കിമാറ്റി രണ്ടുപടികളിലെ വെള്ളിയാഭരണങ്ങള്‍ അടര്‍ത്തിയ നിലയിലാണ്. ശ്രീകോവിലിന്റെ പൂട്ടു പൊളിച്ചിട്ടുണ്ടെങ്കിലും വാതിലിനു മറ്റൊരു രഹസ്യ പൂട്ടുള്ളതിനാല്‍ അതു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്ര പൂജാരിക്കു മാത്രമേ അത് എവിടെയാണെന്ന് അറിയുകയുള്ളു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പൂജാരി എത്തും മുമ്പ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഗേറ്റ് തുറക്കാന്‍ കാവല്‍ക്കാരന്‍ പി. ലക്ഷ്മണ പോകുമ്പോഴാണ് മേല്‍ക്കൂരക്ക് മുകളില്‍ ശബ്ദം കേട്ടു നോക്കിയത്. മേല്‍ക്കൂരക്ക് മുകളില്‍ ആരോ നില്‍ക്കുന്നതു കണ്ട ലക്ഷ്മണ ഉച്ചത്തില്‍ നിലവിളിച്ചു. അതോടെ മേല്‍ക്കൂരക്ക് മുകളിലൂടെ ഓടി ദേശീയപാതയിലേക്ക് ചാടി മോഷ്ടാവ് രക്ഷപ്പെട്ടു. പാന്റ്‌സും ഷര്‍ട്ടുമായിരുന്നു വേഷം.
പരിസരവാസികള്‍ ഓടിക്കൂടി നോക്കിയപ്പോഴാണ് മേല്‍ക്കൂരക്ക് മുകളില്‍ രണ്ടു ചാക്കുകെട്ടുകള്‍ കണ്ടത്. അതിനകത്താണ് വെള്ളി മുഖാവരണവും ആഭരണങ്ങളും സോപാനത്തിലെ വെള്ളിപ്പടിയും കണ്ടത്. എക്‌സിക്യൂട്ടിവ് ഓഫിസര്‍ രാമനാഥഷെട്ടിയുടെ പരാതിയില്‍ കുമ്പള പൊലിസ് അന്വേഷണം തുടങ്ങി. കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച വെള്ളിയാഭരണങ്ങള്‍ക്ക് മൂന്നു കിലോ തൂക്കംവരും. ഏകദേശം രണ്ടു ലക്ഷം രൂപ വിലമതിക്കുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മഞ്ചേശ്വരം മാടയിലെ ഇലക്ട്രിഷ്യന്‍ ഉസ്മാനും കുടുംബവും ചൊവ്വാഴ്ച മംഗളുരുവിലെ ഭാര്യാവീട്ടില്‍ പോയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. അകത്തെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മഞ്ചേശ്വരം പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."