ദേശീയ ഹരിതട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ സിറ്റിങ് മാറ്റി
കൊച്ചി: ദേശീയ ഹരിതട്രൈബ്യൂണല്‍(എന്‍.ജി.ടി) കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ സിറ്റിങ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. ജൂലൈ 29നായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നതെങ്കിലും ഭരണപരമായ കാരണങ്ങളാല്‍ ഓഗസ്റ്റ് അഞ്ചിലേക്കു മാറ്റുകയാണെന്ന് എന്‍.ജി.ടിയുടെ വിശദീകരണത്തില്‍ പറയുന്നു. ഡീസല്‍ വാഹനനിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജികളാണ് അടുത്ത സിറ്റിങ്ങിലും കൊച്ചി ബെഞ്ച് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കരുതെന്നും തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ആറു കോര്‍പ്പറേഷനുകളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തരുതെന്നും ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ ട്രൈബ്യൂണല്‍ മുന്‍പാകെ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയാണ് അപ്പീലുകള്‍ തീര്‍പ്പാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ സിറ്റിങ് വീണ്ടും മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."