തദ്ദേശ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷയില്ലാതെ
കൊടുങ്ങല്ലൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കംപ്യൂട്ടറുകളില്‍ പേരിനു പോലും ആന്റിവൈറസ് സംവിധാനമില്ല.
അപൂര്‍വം ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റില്‍നിന്നു സൗജന്യമായി ലഭിക്കുന്ന ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് വൈറസ് ബാധ തടയുന്നതില്‍ കാര്യമായൊന്നും ചെയ്യാനാകില്ലെന്നതാണ് വസ്തുത.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ് വെയറുകള്‍ തയാറാക്കി നല്‍കുന്നത് സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍നാണ്. കംപ്യൂട്ടറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ വിപണിയില്‍ നിന്നു ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വില ഈടാക്കി നല്‍കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നാളിതുവരെയായി ഈ നിര്‍ദേശം നടപ്പിലായിട്ടില്ല.
കേരളത്തിലെ അഞ്ച് കോര്‍പറേഷനുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 നഗരസഭകള്‍ , 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ മുഴുവന്‍ വിവരങ്ങളും സുരക്ഷിതമല്ലെന്നതാണ് സത്യം.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനായി കേരള.ഇന്‍ എന്ന പേരില്‍ തയാറാക്കിയിട്ടുള്ള ഇ-മെയില്‍ സംവിധാനം പല സര്‍ക്കാര്‍ വകുപ്പുകളും ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇനിയും സര്‍ക്കാര്‍ ഇ-മെയില്‍ ഉപയോഗിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജി-മെയില്‍ ആണ് ഉപയോഗിക്കുന്നത്. ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ സന്ദേശങ്ങള്‍ അയക്കുവാനും സ്വീകരിക്കുവാനും സ്വകാര്യ ഇ-മെയില്‍ സംവിധാനത്തെ ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യ ഇ-മെയില്‍ സംവിധാനത്തിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ ചോരുവാനും പകര്‍ത്തുവാനും സാധ്യതയുണ്ടെന്നിരിക്കേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുരക്ഷിതമായ സര്‍ക്കാര്‍ ഐഡി നല്‍കേണ്ടത് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."