HOME
DETAILS
MAL
തിരുനബിയുടെ വിടവാങ്ങല്‍
backup
November 12 2020 | 22:11 PM
ഇസ്‌ലാമിക ചരിത്രത്തിലെ അതീവ ദുഃഖകരമായ സംഭവമായിരുന്നു പ്രവാചകര്‍(സ)യുടെ വിയോഗം. വിശ്വാസ ലോകമാകെ ദുഃഖഭാരത്താല്‍ നിശ്ചലമായ വേര്‍പാട്. ശക്തരും ദൃഢചിത്തരുമായ അനുചരര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്ന വിടവാങ്ങല്‍ സംഭവിക്കുന്നത് ഹിജ്‌റ വര്‍ഷം 11 റബീഉല്‍ അവ്വല്‍ 12 ക്രിസ്തുവര്‍ഷം 632 ജൂണ്‍ 8 തിങ്കളാഴ്ച രാവിലെ സൂര്യോദയത്തിന് ഉടനെയാണ്. പുണ്യപുരുഷന്മാര്‍ക്ക് മരണ ലക്ഷണങ്ങള്‍ നേരത്തെ ഉണ്ടാവാറുണ്ട്. നബി(സ) തങ്ങള്‍ക്ക് അത് ധാരാളം ഉണ്ടായിട്ടുമുണ്ട്. നബി(സ)യുടെ വിയോഗത്തിന്റെ മൂന്ന് മാസം മുമ്പ് ദുല്‍ഹിജ്ജ ഒന്‍പതിന് അറഫയില്‍വച്ച് അവതരിച്ച ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ മൂന്നാം വചനം പ്രവാചക വിയോഗത്തിലേക്കുള്ള സൂചനയായിരുന്നു: 'ഇന്നത്തെ ദിവസം നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു (വി:ഖു - 53)'. ഈ ആയത്ത് ഇറങ്ങിയപ്പോള്‍ ഉമര്‍(റ) വിതുമ്പിക്കരഞ്ഞു. ദീന്‍ പൂര്‍ത്തിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നതിനു പകരം കരയുന്നത് എന്തിനാണ് എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഏതൊരു കാര്യവും പൂര്‍ത്തിയായാല്‍ പിന്നെ അത് ചുരുങ്ങലാണല്ലോ, ആയതിനാല്‍ അത് നബിയുടെ വഫാത്തിനെയാണ് സൂചിപ്പിക്കുന്നത്. കാരണം ദീന്‍ പൂര്‍ത്തിയായാല്‍ നബി(സ) ഇവിടെ വേണ്ടതില്ലല്ലൊ..! (ബുഖാരി, മുസ്‌ലിം). പിറ്റേദിവസം നബി(സ) പെരുന്നാളിന്ന് ജംറതുല്‍ അഖബക്ക് കല്ലെറിയുമ്പോള്‍ പറഞ്ഞു: ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവന്‍ നിങ്ങള്‍ എന്നില്‍നിന്നും ശരിയാംവണ്ണം പഠിച്ച് മനസിലാക്കികൊള്ളുക, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് ചെയ്തുകൊള്ളണമെന്നില്ല (മുസ്‌ലിം). രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ദുല്‍ഹിജ്ജ 12 നു 'ഇദാ ജാഅ' എന്നു തുടങ്ങുന്ന സൂറത്തു നസ്‌റുമായി മാലാഖ ജിബ്‌രീല്‍(അ) വന്നു. അപ്പോള്‍ ഇത് തന്റെ വിടവാങ്ങലിനെ സൂചിപ്പിക്കുന്നു എന്ന് നബി(സ) മനസിലാക്കി (ബൈഹക്കി, ബസ്സാര്‍). തുടര്‍ന്ന് വഫാത്താകുന്നതുവരെ നബി(സ) ചിരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ലെന്ന് സ്വഹാബികള്‍ പറഞ്ഞിട്ടുണ്ട്.
മറ്റൊരിക്കല്‍, യമനിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനുവേണ്ടി മുആദ്(റ)നെ നബി(സ) അയക്കുന്ന സന്ദര്‍ഭം, മുആദ്(റ) വാഹനപ്പുറത്ത് കയറി പുറപ്പെട്ടപ്പോള്‍ പിന്നാലെ പോയി നബി(സ) പറഞ്ഞു: നിങ്ങള്‍ തിരിച്ച് വരുമ്പോള്‍ എന്നെ കണ്ടുകൊള്ളണമെന്നില്ല, എന്റെ ഈ പള്ളിയിലൂടെ നടക്കുമ്പോള്‍ എന്റെ ഖബറിന്ന് അരികിലൂടെയായിരിക്കും നിങ്ങള്‍ നടക്കുന്നത്. അപ്പോള്‍ മുആദ്(റ) നബി(സ)യുടെ വഫാത്ത് ഓര്‍ത്ത് വിതുമ്പിക്കരഞ്ഞു (ഇബ്‌നു കസീര്‍). ദുല്‍ഹജ്ജ മാസം കഴിഞ്ഞ് മുഹറം പത്താം ദിവസം ആശൂറാഇന്റെ നോമ്പ് എടുത്തപ്പോള്‍ അവിടുന്ന് പറഞ്ഞു അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹറം ഒമ്പതിനും ഞാന്‍ നോമ്പെടുക്കുന്നതാണ് (മുസ്‌ലിം). ഈ ഹദീസിലും അടുത്ത വര്‍ഷം നബി ജീവിച്ചിരിക്കില്ല എന്ന സൂചന പ്രവാചകര്‍ നല്‍കി.
സഫര്‍ മാസത്തിന്റെ ഒടുവിലെ ബുധനാഴ്ച രാവില്‍ നബി(സ) ആയിശ ബീവി(റ)യുടെ വീട്ടില്‍ താമസിക്കവേ ജന്നത്തുല്‍ ബഖീഇലേക്ക് സിയാറത്തിന്ന് പോയി ദീര്‍ഘനേരം ദുആ ചെയ്തശേഷം തിരിച്ചുവന്നത് അസഹ്യമായ തലവേദനയുമായാണ്. പിന്നീട് തലവേദന വര്‍ധിക്കുകയും പനി ബാധിക്കുകയും തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാവുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ട ആ രോഗത്തില്‍ പലപ്പോഴും പള്ളിയില്‍ നിസ്‌കാരത്തിന് പോകാന്‍പോലും സാധിച്ചിരുന്നില്ല. മറ്റു ചിലപ്പോള്‍ പള്ളിയില്‍ വന്നതാകട്ടെ സ്വഹാബാക്കളുടെ സഹായത്തോടെയുമായിരുന്നു. അബ്ബാസ്(റ)വും അലി(റ)വും നബി(സ)യെ ഒരിക്കല്‍ പള്ളിയിലേക്ക് കൊണ്ടുവരുമ്പോള്‍ കാല് നിലത്ത് വലിക്കുന്നുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അതിനിടയില്‍ പലപ്പോഴും നബി(സ)ക്ക് അബോധാവസ്ഥയുണ്ടായിട്ടുണ്ട്. സാധാരണ ഒരാള്‍ക്കുണ്ടാകുന്ന പരമാവധി പനിയുടെ ഇരട്ടി പനിയായിരുന്നു നബിക്ക് ഉണ്ടായിരുന്നത്. ഈ സമയത്ത് നബി(സ) പള്ളിയിലേക്ക് വന്നാല്‍ ഇരുന്നുകൊണ്ടായിരുന്നു നിസ്‌കരിച്ചിരുന്നത്. അവസാനമായി റബീഉല്‍ അവ്വല്‍ 12ാം തിയതി രാവിലെ നിസ്‌കാരം നടന്നുകൊണ്ടിരിക്കെ നബി വീട്ടില്‍നിന്ന് വിരി പൊക്കി പള്ളിയിലേക്ക് എത്തിനോക്കി. സ്വഹാബികള്‍ പറയുന്നു; ഞങ്ങള്‍ നബിയെ കണ്ടതില്‍വച്ച് ഏറ്റവും സൗന്ദര്യമുള്ള മുഖം അന്നായിരുന്നു. ആ കാഴ്ചയിലുണ്ടായ സന്തോഷത്താല്‍ ഞങ്ങളുടെ നിസ്‌കാരം നഷ്ടപ്പെട്ട് പോകുമോ എന്ന് ഭയപ്പെട്ടു. പക്ഷേ നബി(സ) ജമാഅത്തിനിറങ്ങി വരാതെ വീട്ടിലേക്ക് തന്നെ തിരിച്ചുപോവുകയാണ് ചെയ്തത്. നിസ്‌കാരം കഴിഞ്ഞ് നബി(സ)യുടെ സന്തോഷം കണ്ട ആഹ്ലാദത്തോടെ വീട്ടിലേക്ക് മടങ്ങിയ സ്വഹാബികള്‍ അവരുടെ ജോലികളില്‍ വ്യാപൃതരായി.
അല്‍പം കഴിഞ്ഞപ്പോള്‍ നബിയുടെ പ്രിയപുത്രി ഫാത്വിമാ ബീവി(റ) പിതാവിന്റെ അടുത്തേക്ക് കടന്നുവന്നു. ഫാത്വിമാ ബീവിയുടെ അരികിലായി ആയിശ ബീവിയുടെ മടിയില്‍ തലവച്ച് കിടക്കുമ്പോഴാണ് റൂഹ് പിടിക്കുന്ന മാലാഖ സമ്മതം ചോദിച്ച് നബിയുടെ അടുത്തേക്ക് വന്നത്. അപ്പോള്‍ നബി(സ) ജിബ്‌രീലിനെയും വിളിച്ചുവരുത്തി. ആ പരിശുദ്ധ സദസില്‍വച്ചാണ് നബി(സ)യുടെ പരിശുദ്ധ ആത്മാവിനെ മാലാഖ കൊണ്ടുപോയത്. ശക്തമായ പനിയും അസഹ്യമായ മരണവേദനയും കാരണത്താല്‍ തൊട്ടടുത്തുള്ള വെള്ളത്തിന്റെ പാത്രത്തില്‍ കയ്യിട്ട് നബി (സ) മുഖം തടവുന്നുണ്ടായിരുന്നു. ചുമരില്‍വച്ച മിസ്‌വാക്കിലേക്ക് നബി(സ) ദൃഷ്ടി പതിപ്പിച്ചപ്പോള്‍ പല്ല് തേക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കി അതെടുത്ത് തന്റെ വായില്‍വച്ച് നനച്ചു മൃദുലപ്പെടുത്തി ആയിശ ബീവി പല്ല് തേച്ചുകൊടുത്തു. അപ്പോള്‍ നബി(സ) പറഞ്ഞു; മരണത്തിന്റെ വേദന അസഹ്യമാണ് ആയിശാ'. മകള്‍ ഫാത്വിമ വാപ്പയുടെ വിഷമം കണ്ട് വ്യാകുലപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: മകളേ, നിങ്ങള്‍ വിഷമിക്കണ്ട. വാപ്പയുടെ എല്ലാ വിഷമങ്ങളും ഇന്നേക്ക് അവസാനിക്കുന്നതാണ്. പിന്നെ മകളുടെ ഇരു കാതുകളിലും നബി(സ) സ്വകാര്യം പറഞ്ഞു. ആദ്യത്തേതില്‍ ഫാത്വിമ കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു. ഞാന്‍ വിടപറയുകയാണെന്നും ശേഷം എന്നിലേക്ക് ആദ്യം വന്നുചേരുന്നത് നിങ്ങളാണ് മകളെ എന്ന് പറഞ്ഞപ്പോഴാണ് ഫാത്വിമ(റ) കരയുന്നത്. സ്വര്‍ഗത്തില്‍ സ്ത്രീകളുടെ നേതാവ് നിങ്ങളായിരിക്കുമെന്നത് സന്തോഷിപ്പിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് ചിരിച്ചതെന്ന് ഫാത്വിമ ബീവി (റ) ഈ സ്വകാര്യത്തെ പറ്റി വിശദീകരണം നല്‍കിയിട്ടുണ്ട്. അവസാനമായി നബി (സ) മൂന്ന് വസിയ്യത്തുകള്‍ ചെയ്തു, നിസ്‌കാരത്തിന്റെ വിഷയം ഗൗരവമായി കാണണമെന്നതായിരുന്നു അതില്‍ പ്രധാനം. സംസാരം മുറിയുന്നതുവരെ നിസ്‌കാരത്തിന്റെ വിഷയം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെന്ന് ഹദീസില്‍ കാണാം. സ്ത്രീകളുടെയും അടിമകളുടെയും വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നതായിരുന്നു മറ്റു രണ്ട് കാര്യങ്ങള്‍. ശേഷം ആയിശാ ബീവിയുടെ നെഞ്ചിലും മാറിലുമായി കിടന്ന് ളുഹാ സമയത്ത് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആയിശ ബീവി (റ) അപ്പോള്‍ തന്നെ ബോധരഹിതയായി.
നബി(സ)യുടെ വിയോഗ വാര്‍ത്ത മദീനയാകെ പരന്നു. പിന്നീട് അവിടെ തടിച്ചുകൂടിയ ആളുകള്‍ക്കെല്ലാം വിവിധ അവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്. പലര്‍ക്കും സ്വബോധം നഷ്ടപ്പെട്ടു . ഒടുവില്‍ ഉമര്‍(റ) അവിടെയെത്തി, ആ വിവരം ഉള്‍ക്കൊള്ളാനാവാതെ തന്റെ വാള്‍ ഉറയില്‍നിന്ന് പുറത്തെടുത്ത് പറഞ്ഞു: നബി(സ) വഫാത്തായിട്ടില്ല, മൂസ നബി(അ) അല്ലാഹുവിന്റെ അടുത്ത് പോയതുപോലെ തന്നെ എന്റെ നബിയും അല്ലാഹുവിന്റെ അടുത്ത് പോയതാണ്. നബി(സ) തിരിച്ചുവരിക തന്നെ ചെയ്യും. ആരെങ്കിലും നബി വഫാത്തായെന്ന് പറഞ്ഞാല്‍ ഞാനവനെ വാളിനിരയാക്കും' . ഈ ഇടിമുഴക്കത്തിനു മുന്നില്‍ മദീനയാകെ പരിഭ്രമിച്ചു. നബി(സ) വഫാത്താകുമെന്ന് വ്യക്തമാക്കുന്ന നിരവധി ആയത്തുകള്‍ ഖുര്‍ആനില്‍ തന്നെയുണ്ട്. അതറിയാഞ്ഞിട്ടല്ല സ്വഹാബികള്‍ക്ക് ഈ അവസ്ഥയുണ്ടായത്, മറിച്ച് തിരുവിയോഗം എന്ന വലിയ ദുഃഖം സംഭവിച്ചപ്പോള്‍ പ്രവാചകരോട് ശക്തമായ അനുരാഗമുണ്ടായിരുന്ന അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നതാണ്. സുബഹി നിസ്‌കാരസമയത്തുണ്ടായ നബിയുടെ ആശ്വാസം കണ്ട് തിരിച്ചുപോയ അബൂബക്കര്‍ സിദ്ദീഖ്(റ) മദീനയില്‍നിന്ന് ഒരു മൈല് അകലെ സുന്‍ഹ് എന്ന സ്ഥലത്തുള്ള തന്റെ വീട്ടില്‍നിന്നാണ് നബിയുടെ വഫാത്ത് വാര്‍ത്ത കേള്‍ക്കുന്നത്. വാഹനത്തില്‍ കേറി നേരെ നബിയുടെ അടുത്ത് വന്നു. എല്ലാവരും സിദ്ദീഖ്(റ)നെ ഉറ്റുനോക്കുകയാണ്, ആളുകള്‍ പതറിപ്പോയിട്ടുണ്ട്, വിഭ്രാന്തരായവരുണ്ട്, ഊരിയ വാളും പിടിച്ച് ക്ഷോഭ്യനായി നില്‍ക്കുന്ന ഉമര്‍(റ)വുണ്ട്, പ്രവാചക വിയോഗത്തോടെ ദീന്‍ ഉപേക്ഷിക്കാന്‍ നില്‍ക്കുന്നവരുണ്ട്. വിഷമഘട്ടത്തില്‍ ധീരനായിരുന്നു സിദ്ദീഖ് (റ). അദ്ദേഹം നേരെവന്ന് നബിയുടെ മുഖത്തുള്ള പുതപ്പ് നീക്കി നെറ്റിയില്‍ ചുംബിച്ചു. ശേഷം പ്രസംഗം നടത്തി, 'ഓ ജനങ്ങളേ, ആരെങ്കിലും മുഹമ്മദ്(സ)യെ ആരാധിക്കുന്നുവെങ്കില്‍ മുഹമ്മദ്(സ) വഫാത്തായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു മരണമില്ലാത്തവനാണ് 'എന്ന് തുടങ്ങുന്ന ആ പ്രസംഗം എല്ലാവരേയും ശാന്തരാക്കി. സിദ്ദീഖ്(റ)ന്റെ നേതൃപാടവം ഒരിക്കല്‍ക്കൂടി എല്ലാവരും അനുഭവിച്ചു. ഇവിടം മുതല്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സര്‍വരാലും ഏകോപിതമായി സിദ്ദീഖ്(റ)നെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ശേഷം സിദ്ദീഖ്(റ)നേതൃത്വത്തില്‍ എല്ലാ കര്‍മങ്ങളും നിര്‍വഹിച്ചു.
നബിയുടെ വഫാത്ത് മുസ്‌ലിം ലോകത്തിന് ഏറ്റവും വലിയ ദുഃഖമായിരുന്നുവെങ്കിലും വര്‍ഷാവര്‍ഷം ആ ദിനാചരണം നടത്താറില്ല, കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ദുഃഖാചരണം നടത്തല്‍ ഇസ്‌ലാമിക വിരുദ്ധമാണ്. അതുകൊണ്ടാണ് റബീഉല്‍ അവ്വല്‍ 12ന് ജനിക്കുകയും വഫാത്താകുകയും ചെയ്തിട്ട് നാം മരണത്തിന്റെ പേരില്‍ ദുഃഖാചരണം നടത്താതെ ജന്മത്തിന്റെ പേരില്‍ അനുഗ്രഹത്തിന് നന്ദി സൂചകമായി ജന്മദിനമാഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."