റോഡ് പ്രവൃത്തിയിലെ അപാകത ;മേപ്പയ്യൂരില്‍ വിവാദം പുകയുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടത്തിനു സ്വകാര്യ വ്യക്തിയില്‍നിന്ന് കെട്ടിടനികുതി സ്വീകരിച്ചത് വിവാദമാകുന്നു.
നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു വര്‍ഷങ്ങളായി പഞ്ചായത്ത് നികുതി സ്വീകരിച്ചിരുന്നില്ല. പയ്യോളി-പേരാമ്പ്ര റോഡ് നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രസ്തുത കെട്ടിടത്തിനു രേഖകള്‍ പരിശോധിക്കാതെ നികുതി സ്വീകരിച്ചതിനു പിന്നില്‍ സ്വജന പക്ഷപാതവും അഴിമതിയുമുണ്ടെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.
മേപ്പയ്യൂര്‍ ടൗണില്‍ ഡ്രെയിനേജ് വികസനവുമായി ബന്ധപ്പെട്ട് റോഡിനു ഇരുഭാഗങ്ങളിലുമുള്ള കെട്ടിടഉടമസ്ഥരുടെ ഭൂമി അവരുടെ സമ്മതം വാങ്ങി മാര്‍ക്ക് ചെയ്ത് വീതികൂട്ടിയെടുത്തിരുന്നു. എന്നാല്‍ നഗരമധ്യത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് ഒരിഞ്ചു പോലും എടുക്കാതെ പൊതുമാനദണ്ഡത്തിനു വിരുദ്ധമായി പ്രവൃത്തി നടത്തുന്നത് ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ തടഞ്ഞിരുന്നു.
റോഡ് വികസന പ്രവൃത്തിയിലെ സ്വജന പക്ഷപാതത്തിനും ക്രമക്കേടിനുമെതിരേ യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. യൂത്ത് ലീഗും പരസ്യമായി രംഗത്തുവന്നു. യു.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും നടന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ വ്യാപാരികളും പൊതുജനങ്ങളും പ്രയാസപ്പെടുകയാണ്.
ഗതാഗതത്തിനും തടസങ്ങള്‍ നേരിടുന്നുണ്ട്. റോഡ് വീതികുറച്ച് നിര്‍മിക്കുന്നത് അനുവദിക്കല്ലെന്നും റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. റോഡ് വികസനത്തിലെ ക്രമക്കേടിനും ഒത്തുകളിക്കുമെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ബി.ജെ.പി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതി വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ഇതുവരെ രംഗത്തുവന്നിട്ടില്ല. എന്നാല്‍ കുപ്രചാരണങ്ങള്‍ക്ക് മറുപടിയെന്നു പറഞ്ഞ് സി.പി.എം ഇന്ന് മേപ്പയ്യൂര്‍ ടൗണില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."