പ്രകൃതിയുടെ വളര്‍ത്തച്ഛന്‍
'ഒരു ചത്ത പക്ഷിയെ കൈയില്‍ എടുത്ത് നിരീക്ഷിക്കുന്നതിലും എനിക്കിഷ്ടം ജീവനോടെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ നിരീക്ഷിക്കാനാണ്'
പൊടുന്നനെ ഒരു ചില്ലു ഗ്ലാസ് കൈയ്യില്‍ നിന്നു താഴെവീണ് ചിതറിയുടഞ്ഞതുപോലെ അത്രമേല്‍ അവിശ്വസനീയമായിരുന്നു കിളികളുടെ തോഴനായ ബൈജു കെ. വാസുദേവന്റെ മരണവാര്‍ത്ത കേട്ടമാത്രയില്‍. അനേകം കിളികളുടെ തോഴന്‍ പാതിവഴിയില്‍ തൂവല്‍കൊഴിഞ്ഞ് ജീവന്‍ വെടിഞ്ഞിരിക്കുന്നുവെന്നത് കേരളത്തിലെ പക്ഷിനിരീക്ഷകരെയും പ്രകൃതിസ്‌നേഹികളെയും ഏറെ സങ്കടപ്പെടുത്തി. പക്ഷിത്തൂവലുകളുടെ മണമാണ് മരണത്തിനെന്നു കമല സുരയ്യ എഴുതിയത് ബൈജുവിന്റെ അകാലമരണത്തെ മുന്‍കൂട്ടി കണ്ടായിരിക്കണം.
വന്യജീവികളും കാടും ചേര്‍ന്ന ആവാസവ്യസ്ഥയിലേക്ക് അലിഞ്ഞുചേര്‍ന്നൊരു മനുഷ്യന്‍. താടിമീശയും മുടിയും നീട്ടി ചിലപ്പോള്‍ ഒരു വെളിച്ചപ്പാടുപോലെ കാടകത്തില്‍ മുന്നറിയിപ്പുകാരനായി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആരും ഒന്നടുക്കാന്‍ മടിക്കുന്ന പ്രകൃതം. വേഷഭൂഷാദികളും വ്യത്യസ്തം. അതിരപ്പിള്ളി മാത്രമല്ല, മറ്റനേകം കാടുകളിലും ബൈജു എത്തി. മാസങ്ങള്‍ക്കു മുന്‍പ് ചങ്ങരംകുളത്ത് മരം മുറിച്ച് നൂറുകണക്കിന് നീര്‍പ്പക്ഷിക്കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ ഓടിയെത്തിയത് ബൈജുവായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രകൃതിയും ഒരു മനുഷ്യനും. അതായിരുന്നു ബൈജുവിന്റെ ജീവിതം.
ബൈജുവിന്റെ സഹായത്താല്‍ നിരവധി പേര്‍ കാടിന്റെ അപൂര്‍വ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രശസ്തരായി. ബൈജു അപ്പോഴും കാടിന്റെ ഓമനപുത്രനായി മാത്രം കഴിഞ്ഞുകൂടി. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബി.കെ.വി ഫൗണ്ടേഷന്‍ എന്നൊരു കൂട്ടായ്മ തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അറിവുകളും അനുഭവങ്ങളും പകര്‍ന്നുനല്‍കി. മൃഗങ്ങളെ മാത്രമല്ല, മനുഷ്യനെയും അകമഴിഞ്ഞ് സ്‌നേഹിക്കുന്നവന്‍. പ്രകൃതിസ്‌നേഹികളായ ഒട്ടേറെ യുവാക്കളുടെ ചേട്ടനായും ആശാനായും ബൈജു മാറി. കാടിന്റെ അനേകം കഥകള്‍ പറഞ്ഞുകൊടുക്കുന്ന ടൂറിസ്റ്റ് ഗൈഡായി. ഇതൊക്കെയാണ് ചെറുതെങ്കിലും പത്തോളം സിനിമകളിലഭിനയിക്കാന്‍ ബൈജുവിന് അവസരം ലഭിച്ചതും. ഒന്നും സമ്പാദിച്ചില്ല, കാടിനോടും പക്ഷികളോടുമുള്ള പ്രണയമല്ലാതെ. ബിജുവിലൂടെ പ്രകൃതിയെ തൊടുകയായിരുന്നു പക്ഷികളും.
കണ്ണൂരില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക്
എഴുപതുകളില്‍ കല്യാണം കഴിച്ച വാസുദേവന്റെയും നബീസയുടെയും മൂത്ത മകനാണു ബൈജു. കണ്ണൂരുകാരനായ വാസുദേവന്‍ ബാംബൂ കോര്‍പറേഷനിലെ ദിവസ വേതന ജോലിക്കാരനായിരുന്നു. നബീസയുമായുള്ള വിവാഹത്തിനുശേഷം അതിരപ്പിള്ളിയില്‍ താമസമാക്കി. കാടിനോടു ചേര്‍ന്നുള്ള ചെറിയ കുടിലില്‍ കാട്ടാരവങ്ങള്‍ക്കു നടുവിലേക്കാണു ബൈജു പിറന്നുവീണത്. അങ്ങനെ ജന്മം കൊണ്ടുതന്നെ ബൈജു കാടിന്റെ പുത്രനായി. കാടുമായുള്ള ബൈജുവിന്റെ ചങ്ങാത്തത്തിന് കാട്ടുതേനിന്റെ മാധുര്യമുണ്ടായിരുന്നു.
പക്ഷികള്‍ കുഞ്ഞുബൈജുവിന്റെ കളിക്കൂട്ടുകാരായി. മൈനയുടെയും മൂങ്ങയുടെയും ശബ്ദങ്ങള്‍ അനുകരിച്ച് അവന്‍ കിളിക്കുട്ടിയായി. കാടിന്റെ ഗന്ധം അവന്‍ തിരിച്ചറിഞ്ഞു. അച്ഛനുമമ്മയും പുറത്തുപോകുമ്പോള്‍ സഹോദരങ്ങളെ നോക്കേണ്ട ചുമതലയും ബൈജുവിനായിരുന്നു.
പത്താം വയസിലാണു ബൈജു ആദ്യമായി കാടു കയറുന്നത്. അക്കാലത്ത് നിത്യഹരിതമായിരുന്നു അതിരപ്പിള്ളിക്കാടുകള്‍. മനുഷ്യരുടെ ഇടപെടലുകള്‍ നന്നേ കുറവ്. ആദിവാസികളും കാടിനോടു ചേര്‍ന്നു ജീവിക്കുന്നവരും ഒടിഞ്ഞുവീണ മരത്തടികള്‍ പെറുക്കാനും തേന്‍ ശേഖരിക്കാനും മാത്രം കാടു കയറിയിരുന്ന കാലം. ആദിവാസികളുടെ കൂടെയാണു ബൈജുവും ആദ്യമായി കാട്ടിലേക്കു കാലെടുത്തുവച്ചത്. കാട്ടറിവുകള്‍ അനുഭവങ്ങളിലൂടെയും ആദിവാസികളില്‍നിന്നുമായി മനസിലാക്കി. കാട്ടുവഴികളിലൂടെ നടക്കേണ്ടതെങ്ങനെ, പ്രകൃതിയുടെ സൂചനകള്‍ മനസിലാക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ബൈജു കുഞ്ഞുനാളിലേ സ്വായത്തമാക്കി.
വേട്ടക്കാരനില്‍ നിന്ന്
കിളിത്തോഴനിലേക്ക്
കാടിന്റെ രഹസ്യമറിഞ്ഞതോടെ ബൈജുവിന്റെ ചിന്തകളില്‍ മുളച്ചത് ദുഷ്ടതയുടെ വിത്തുകളാണ്! വന്യമൃഗങ്ങളെ ഇറച്ചിക്കായി വേട്ടയാടിത്തുടങ്ങി. വ്യാജമദ്യ സംഘത്തിനൊപ്പം ചേര്‍ന്നു വാറ്റിനു കൂട്ടുനിന്നു. ചിക്കനെയോ മട്ടനെയോ കൊല്ലുന്നതു പോലെയാണു മാംസത്തിനായി മാനിനെയും കാട്ടുപന്നിയെയും വേട്ടയാടിയത്. തനിക്ക് ആവശ്യമുള്ളത് എടുത്തശേഷം ബാക്കിയാകുന്ന ഇറച്ചി വില്‍ക്കുന്ന വെറുമൊരു വേട്ടക്കാരനായിരുന്നു അക്കാലത്തെ ബൈജു.
കാട്ടിറച്ചിക്കു നാട്ടുകാര്‍ തരുന്ന പണം, കാടിനെയും പ്രകൃതിയെയും ഇല്ലാതാക്കുന്നതിനുള്ള കമ്മിഷന്‍ ആണെന്നു ബൈജു തിരിച്ചറിഞ്ഞതു വൈകിയാണ്. പത്താം ക്ലാസ് ജയിച്ചുനില്‍ക്കുന്ന സമയം. ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്കു വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണു ബൈജുവിന്റെ ഹൃദയത്തില്‍ ആര്‍ദ്രതയുടെ ഇലയനക്കമുണ്ടായത്. കാടിനോടുള്ള മനോഭാവത്തില്‍ സംശയം മുളപൊട്ടി. തൊണ്ണൂറുകളുടെ അവസാനത്തില്‍, അതിരപ്പിള്ളി ഡി.എഫ്.ഒ (ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍) ഇന്ദുചൂഡന്റെ ഒരു ക്ലാസാണു ബൈജുവില്‍ പച്ചപ്പ് നട്ടുനനച്ചത്.
കൂടുതല്‍ സ്വാതന്ത്ര്യത്തോടെയും അധികാരത്തോടെയും വനവേട്ട നടത്തുക എന്ന ഉദ്ദേശ്യത്തില്‍ ഫോറസ്റ്റ് ഗാര്‍ഡാവാന്‍ തീരുമാനിച്ചയാളാണ് ബൈജു. ഒടുവില്‍ വേട്ടയാടിയ കൈകളിലെ പാപക്കറ കഴുകിക്കളയാന്‍ ബൈജു കൊതിച്ചു. അങ്ങനെ പുതിയൊരു ബൈജു പിറന്നു, കാടിന്റെ മകനായ, അതിരപ്പിള്ളിയുടെ കാവല്‍ക്കാരനായ ബൈജു.
പ്രകൃതിയുടെ കളിത്തോഴന്‍
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സാഹിത്യവും ബൈജുവിന്റെ ഉള്ളില്‍ കാടിന്റെ ഗന്ധം നിറച്ചു. ഫൊട്ടോഗ്രാഫിയിലേക്കും ശ്രദ്ധ തിരിച്ചു. തന്റെ കാടനുഭവങ്ങള്‍, പ്രകൃതിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ തീര്‍ച്ചപ്പെടുത്തി. ഫോറസ്റ്റ് ഓഫിസര്‍മാര്‍ കാട്ടിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കു ബൈജുവിനെ ആശ്രയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായും വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറായും പരിസ്ഥിതി ആക്ടിവിസ്റ്റായും ബൈജു രൂപാന്തരപ്പെട്ടു. കാടിനെക്കുറിച്ചുള്ള തന്റെ അറിവുകള്‍ ഏവരോടും പങ്കുവച്ചു. കാടനുഭവം തേടിയെത്തുന്നവര്‍ക്കു ജീവിതത്തിലെ മറക്കാനാകാത്ത വിസ്മയങ്ങള്‍ കാട്ടിക്കൊടുത്തു. നിരവധി പക്ഷിനിരീക്ഷകര്‍ക്ക് വഴികാട്ടിയായിരുന്നു ബൈജുവെന്ന് പ്രമുഖ പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംകര ഓര്‍ത്തെടുക്കുന്നു.
ബൈജു സ്വപ്രയത്‌നത്തിലൂടെ നേടിയെടുത്ത ഉയര്‍ച്ചകള്‍ വളരെ വലുതാണ്. നാഷണല്‍ ജിയോഗ്രഫി, അനിമല്‍ പ്ലാനറ്റ്, ബി.ബി.സി, ഇസ്‌റാഈല്‍ ചാനല്‍, മറ്റ് അനേകം ഇന്ത്യന്‍ ചാനലുകള്‍ തുടങ്ങി ബോളിവുഡിലേക്കുവരെ നീണ്ട വളര്‍ച്ച. കാനന കാഴ്ചകളുടെയും വന വിശേഷങ്ങളുടെയും പങ്കുവയ്ക്കലുകളും കണ്ടെത്തലുകളുടെ കൗതുകളുമായി ലോക റെക്കോര്‍ഡോളം നടന്നുകയറി അദ്ദേഹം. കുക്കറി ഷോകളും അഭിനയ മികവും അനുകരണ കലയിലെ അതുല്യതയും.. അടിമുടി കലയായിരുന്നു ബൈജു. എന്നിട്ടും കാടിനും അതിരപ്പിള്ളിക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം ആ ജീവിതത്തെ ഉഴിഞ്ഞുവച്ചു.
പ്രകൃതി സംരക്ഷണത്തിനായി
ഒരിക്കല്‍ ഏതോ വാഹനമിടിച്ചു പിടഞ്ഞുമരിച്ച കോഴിവേഴാമ്പലിന്റെ ഇണയെയും കുഞ്ഞിനെയും പോറ്റിയ ബൈജുവിനെ അത്ഭുതത്തോടെയാണ് ലോകം കണ്ടത്. 2018 ഏപ്രില്‍ അഞ്ചിനാണു വഴിയരികില്‍ കൊക്കില്‍ തീറ്റയുമായി ചത്തു കിടക്കുന്ന ആണ്‍വേഴാമ്പലിനെ പ്രദേശവാസിയായ ബൈജു കെ. വാസുദേവന്‍ കണ്ടത്. വനംവകുപ്പ് അധികൃതരും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ ചീനി മരപ്പൊത്തില്‍ വേഴാമ്പല്‍ക്കൂട് കണ്ടെത്തി.
തീറ്റ തേടി ഇറങ്ങിയ ആണ്‍കിളിയുടെ ജീവന്‍ നഷ്‌പ്പെട്ടതോടെ കൂട്ടില്‍ തീറ്റ എത്തിക്കുന്ന ജോലി വനംവകുപ്പ് ഏറ്റെടുത്തു. 40 അടി ഉയരമുള്ള ചീനി മരത്തില്‍ മുള ഏണിവച്ചു കൂട്ടില്‍ അമ്മക്കിളിക്കും കുഞ്ഞിനും തീറ്റ നല്‍കി ജീവന്‍ നിലനിര്‍ത്തി. ചുണ്ട് നീട്ടാന്‍ മാത്രം പാകത്തിലുള്ള ദ്വാരത്തിലൂടെയാണ് തീറ്റ പകര്‍ന്നത്. അത്തിപ്പഴം, ആഞ്ഞിലിപ്പഴം പുല്‍ച്ചാടി അടക്കമുള്ള ചെറുപ്രാണികള്‍ എന്നിവയാണു നല്‍കിയത്. ഒരു പോറ്റച്ഛനെപോലെ ബൈജു പകര്‍ന്ന സ്‌നേഹത്തിന്റെ ഈ പ്രകൃതിപാഠം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ബൈജുവിനെ തേടി അംഗീകാരങ്ങളെത്തി. 2018 ഒക്ടോബറില്‍ ചാലക്കുടിയില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനു മുന്‍നിരയില്‍ നിന്നതും ബൈജുവായിരുന്നു.
കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയുടെ കോളജ് ഓഫ് ഫോറസ്ട്രിയില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായ ബൈജു, വനം വകുപ്പിന്റെ പരിസ്ഥിതി സാക്ഷരതായജ്ഞത്തിലും സജീവമായിരുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലകൊണ്ട ഈ പരിസ്ഥിതി ആക്ടിവിസ്റ്റ് അവസാനമായി പങ്കെടുത്ത സമരം ശാന്തിവനത്തിലായിരുന്നു. ഭാര്യ: അനീഷ. മക്കള്‍: അഭിചന്ദ്രദേവ്, ശങ്കര്‍ ദേവ്, ജാനകീ ദേവി. വീട്ടുകാര്‍ക്കായി വലുതായൊന്നും സമ്പാദിക്കാതെയാണു ഇദ്ദേഹം യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."