സി.പി.എം വ്യാപകമായ അക്രമം അഴിച്ചുവിടുന്നു: യു.ഡി.എഫ്
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച എല്‍.ഡി.എഫ് വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകരെ വ്യാപകമായി അക്രമിച്ചും മാരകമായി പരുക്കേല്‍പിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ഗൂഢപദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ആറാട്ടുകടവില്‍ വച്ച് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ചന്ദ്രന്‍ നാലാംവാതുക്കലിനെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഖാദര്‍ ഖാത്തിം, ഷിയാസ് പാഷ എന്നിവരും ക്രൂരമായി അക്രമിക്കപ്പെട്ട് ആശുപത്രിയിലാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തന്നെ നേരിട്ട് അക്രമണത്തിന് നേതൃത്വം നല്‍കുന്നതായും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉദുമ പഞ്ചായത്തിലെ ആറാട്ടുകടവ്, അരമങ്ങാനം, തിരുവക്കോളി, മുതിയക്കാല്‍ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഢപദ്ധതികള്‍ എല്‍.ഡി.എഫ് തയ്യാറാക്കിയതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ബൂത്ത് ഏജന്റുമാരെ അക്രമിക്കുന്നതിനും ബൂത്തുകളില്‍ സംഘര്‍ഷമുണ്ടാക്കി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി പോളിങ് തടസ്സപ്പെടുത്തുന്നതിനുമാണ് എല്‍.ഡി.എ ഫിന്റെ ശ്രമം. ഇത്തരം സംഭവങ്ങളുടെ തുടക്കമാണ് ആറാട്ടുകടവില്‍ ഉണ്ടായ അക്രമം. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ ജില്ലാ ഭരണകൂടം മുന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, പി ഗംഗാധരന്‍ നായര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. സി ഖമറുദ്ദീന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഡി. സി. സി ഭാരവാഹികളായ പി. കെ ഫൈസല്‍, ഹക്കീം കുന്നില്‍, വിനോദ് കുമാര്‍ പള്ളിയില്‍ വീട് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."