സ്പീക്കറുടെ റൂളിങ് നടപ്പായില്ല മറുപടി നല്‍കുന്നതില്‍ വീണ്ടും ഒളിച്ചുകളി
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് ഇറക്കിയിട്ടും ആഭ്യന്തര വകുപ്പിന് ഒളിച്ചുകളി. 165 ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തര വകുപ്പ് മറുപടി നല്‍കാനുള്ളത്. മറ്റു വകുപ്പുകളുടേത് ഉള്‍പ്പെടെ 616 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കാനുള്ളത്. 4,939 ചോദ്യങ്ങളാണ് ഇന്നലെവരെ സാമാജികര്‍ ചോദിച്ചത്.
ലാവ്‌ലിന്‍, പുറ്റിങ്ങല്‍ ദുരന്തം, ജിഷ കൊലപാതകം, സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റാനുണ്ടായ കാരണം, ഉന്നതര്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണങ്ങള്‍, പൊലിസിലെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം, ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്, വിവിധ മന്ത്രിസഭാ തീരുമാനങ്ങള്‍, ടോമിന്‍ ജെ. തച്ചങ്കരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയ സുപ്രധാനമായ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കാതെ ആഭ്യന്തരവകുപ്പ് മൗനം പാലിക്കുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍, അറസ്റ്റിലായ പ്രതികള്‍, മുഖ്യമന്ത്രി മേല്‍നോട്ടം വഹിക്കുന്ന വകുപ്പുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍ എന്നീ ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിക്കുന്നുവെന്ന മറുപടി മാത്രമാണ് നല്‍കിയത്.
പൊലിസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മറുപടി ഉടന്‍ എത്തിക്കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പൊലിസ് ആസ്ഥാനത്തെ ഉന്നതന്‍ ഇതിന് തടയിടുകയായിരുന്നു. ഇതുവരെയും പൊലിസ് ആസ്ഥാനത്തുനിന്ന് ഉത്തരം കൈമാറിയിട്ടില്ല. കഴിഞ്ഞ ദിവസം സ്പീക്കര്‍ റൂള്‍ ചെയ്തതിനുശേഷം ചില ചോദ്യങ്ങള്‍ക്ക് മറുപടി എത്തിയിട്ടും വിവരങ്ങള്‍ ശേഖരിച്ചുവരുന്നുവെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്.
തദ്ദേശ വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചവരുടെയും സ്ഥലം മാറ്റപ്പെട്ടവരുടെയും വിവരം ചോദിച്ചപ്പോള്‍ ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് മന്ത്രി കെ.ടി ജലീലും നല്‍കിയത്. എം.എല്‍.എമാര്‍ ഏപ്രില്‍ ആദ്യവാരം തന്നെ ചോദ്യങ്ങള്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയിരുന്നു. അവിടെനിന്നാണ് അതാത് വകുപ്പ് മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ അയച്ചുകൊടുക്കുക. മന്ത്രി ഓഫിസ് ആണ് അതാതു വകുപ്പുകളില്‍നിന്ന് മറുപടി വാങ്ങി മന്ത്രിമാരുടെ ഒപ്പോടെ പത്തു ദിവസത്തിനുള്ളില്‍ നിയമസഭാ സെക്രട്ടറിക്ക് എത്തിക്കേണ്ടത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ട് മറുപടി പറയണം.
ഏപ്രില്‍ 25ന് 27 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാതിരുന്നത്. 26നും 27നും ഓരോ ചോദ്യങ്ങള്‍ക്കും 28ന് ആറും മെയ് രണ്ടിന് എട്ടും മെയ് മൂന്നിന് 26ഉം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല.
മെയ് എട്ടിന് 10ഉം ഒന്‍പതിന് 18ഉം പത്തിന് 130ഉം 11ന് 16ഉം 15, 16 തിയതികളില്‍ 123ഉം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഇന്നലെ 289 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കാതിരുന്നത്.
സ്പീക്കര്‍ റൂള്‍ ചെയ്തതിനുശേഷം മറുപടി നല്‍കാത്ത ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. സ്പീക്കറുടെ റൂളിങ് ബുധനാഴ്ച വന്നതിനുശേഷം വിവിധ വകുപ്പുകളിലായി ഇന്നലെ 175 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
എന്നാല്‍, ബുധനാഴ്ച സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ഈ മാസം 25നകം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്നാണ് സ്പീക്കര്‍ റൂളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."