ഒറ്റക്കെട്ടായി മത്സരിക്കാന്‍ കശ്മിരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍
ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തില്‍ കോണ്‍ഗ്രസും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കശ്മിരിലെ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള ജമ്മു കശ്മിരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തിനൊപ്പം കോണ്‍ഗ്രസും. 370ാം വകുപ്പ് റദ്ദാക്കിയത് പ്രധാന വിഷയമായി ഉയര്‍ത്തി ഒറ്റക്കെട്ടായി മത്സരിക്കാനാണ് കശ്മിരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
ഇതിനായി ഗുപ്കര്‍ എന്ന പേരില്‍ പുതിയ സഖ്യവും രൂപീകരിച്ചു. ആദ്യമായാണ് ഒരു ലക്ഷ്യത്തിന് വേണ്ടി കശ്മിരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചത്. കശ്മിരിലെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ തളര്‍ത്തി ബി.ജെ.പിക്ക് അനുകൂലമായ പുതിയ രാഷ്ട്രീയ നേതൃത്വത്തെ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനാണ് പുതിയ സഖ്യം തിരിച്ചടിയാകുന്നത്.
സഖ്യരൂപീകരണത്തിനായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.
370ാം വകുപ്പ് ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു ഗുപ്കര്‍ സഖ്യത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ 370ാം വകുപ്പെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സിനെക്കൂടാത പി.ഡി.പി, സി.പി.എം, സജ്ജാദ് ഗനി ലോണിന്റെ ജമ്മുകശ്മിര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷനല്‍ കോണ്‍ഫറന്‍സ്, ജമ്മു കശ്മിര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങിയ രാഷ്ടീയപ്പാര്‍ട്ടികളാണ് ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമായുള്ളത്.
ഇത് കൂടാതെ കശ്മിരിലെ സിഖ് പണ്ഡിറ്റ്, ഗുജ്ജര്‍ വിഭാഗങ്ങളുടെ നേതാക്കള്‍, മറ്റു സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്നവര്‍ തുടങ്ങിയവരുമായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കശ്മിരില്‍ ആദ്യമായാണ് ജില്ലാ വികസന കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പുമാണ്. ഗുപ്തകര്‍ സഖ്യത്തിനെതിരേ സംഘപരിവാര്‍ ഇതിനകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."