മാറിനില്‍ക്കാമെന്ന് കോടിയേരി; വേണ്ടെന്ന് പാര്‍ട്ടിയും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിവേരിളകിയ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉച്ചവരെ ചര്‍ച്ച ചെയ്തത് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണം.
ഇന്നലെ സെക്രട്ടേറിയറ്റ് ആരംഭിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററില്‍ കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയെ ഇനിയും കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ കോടിയേരി കൂടിക്കാഴ്ചയില്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും രാവിലെ യോഗം തുടങ്ങിയപ്പോള്‍ തന്നെ ആദ്യ വിഷയമായി ബിനോയ് വിഷയം അവതരിപ്പിക്കുകയായിരുന്നു.
പാര്‍ട്ടി അംഗീകാരം നല്‍കിയാല്‍ താന്‍ മാറിനില്‍ക്കാന്‍ തയാറാണെന്ന് യോഗത്തില്‍ കോടിയേരി പറഞ്ഞു. മകന്‍ തനിക്ക് ഭാരമായി മാറിയിരിക്കുകയാണ്. തനിക്ക് ഇക്കാര്യത്തില്‍ ഏതൊരു അറിവുമില്ല. മുന്‍പ് സാമ്പത്തിക ആരോപണത്തിലും പാര്‍ട്ടിക്കും തനിക്ക് വ്യക്തിപരമായും പഴി കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ മകനെതിരായ പരാതി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ അനുമതി തരണമെന്ന് കോടിയേരി സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
എന്നാല്‍ കേസ് വ്യക്തിപരമാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. നിയമപരമായ പോരാട്ടം ബിനോയ് നടത്തട്ടെ. നിരപരാധിയാണെങ്കില്‍ അയാള്‍ രക്ഷപ്പെടട്ടെ. അല്ലെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട ആവശ്യമില്ല.
കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയതിനാല്‍ വ്യക്തിപരമായി സഹായിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.
മഹാരാഷ്ട്രയിലുള്ള സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സെക്രട്ടേറിയറ്റില്‍ കോടിയേരിയുടെ ആവശ്യം ചര്‍ച്ച ചെയ്തു. എന്നാല്‍ അത്തരത്തിലുള്ള തീരുമാനത്തിലേക്ക് പോകണ്ട എന്നും കേന്ദ്ര നേതൃത്വം നേരത്തെ തന്നെ ഇത് വ്യക്തിപരമായ കേസ് ആണെന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്നും അറിയിച്ചു. കോടിയേരി ഒഴിയേണ്ടതുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം സെക്രട്ടേറിയറ്റാണ് എടുക്കേണ്ടതെന്നും യെച്ചൂരി അറിയിച്ചു.
സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ പ്രതിസന്ധിയാവുമെന്നും രാഷ്ട്രീയ എതിരാളികള്‍ക്ക് അത് പാര്‍ട്ടിക്കെതിരേ ഉയര്‍ത്താനുള്ള വടിയായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി.
മകനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കോടിയേരി പദവി ഒഴിയേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റും ഏകകണ്ഠമായി തീരുമാനിച്ചു.
അതേസമയം, വാര്‍ത്താസമ്മേളനം നടത്തി പിതാവ് എന്ന നിലയിലും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും പരസ്യമായി നിലപാട് വ്യക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ യോഗം നടക്കുന്നതിനിടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മകന്‍ ബിനോയിയെ കോടിയേരി തള്ളിപ്പറഞ്ഞത്. പതിവിന് വിപരീതമായി ഇന്നലെ കനത്ത പൊലിസ് സുരക്ഷയിലാണ് എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടേറിയറ്റ് നടന്നത്. ഇന്നലെ സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമെടുത്ത് പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയതിനാല്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."