സംസ്ഥാനങ്ങളിലൂടെ.......................
തെലങ്കാന
ടി. ആര്‍.എസ്-
കോണ്‍ഗ്രസ്
അംഗങ്ങള്‍ ഏറ്റുമുട്ടി
ഹൈദരാബാദ്: നല്‍ഗോണ്ട ജില്ലയില്‍ തെലങ്കാന രാഷ്ട്ര സമിതി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരുക്ക്. ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കപ്പെട്ടു.
നല്‍ഗോണ്ടയില്‍ ജലസേചന മന്ത്രി ടി. ഹരീഷ് റാവു പങ്കെടുക്കുന്ന ഒരു പരിപാടിയിലേക്ക് കോണ്‍ഗ്രസ് എം.എല്‍.എ കെ. വെങ്കട്ട റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് ഇരു പാര്‍ട്ടിപ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി എം.എല്‍.എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.
ഗുജറാത്ത്
പൊലിസ്
സ്റ്റേഷനുകളിലെ
കമ്പ്യൂട്ടറുകളും
വൈറസ് പിടിയില്‍
അഹമ്മദാബാദ്: സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ 150 കമ്പ്യൂട്ടറുകളെ റാന്‍സം വൈറസ് ബാധിച്ചു. തകരാറിലായ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സേവനം തേടിയതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി അശോക് യാദവ് അറിയിച്ചു.
വൈറസ് ആക്രമണത്തില്‍ കമ്പ്യൂട്ടറുകളിലെ ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല. കൂടുതല്‍ കമ്പ്യൂട്ടറുകളിലേക്ക് വൈറസ് ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി അശോക് യാദവ് പറഞ്ഞു.
ബംഗാള്‍
പാഠ്യപദ്ധതിയില്‍ ബംഗാളി ഭാഷ
നിര്‍ബന്ധമാക്കി
കൊല്‍ക്കത്ത: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള പഠന രീതിയിലൂടെ ബംഗാളി ഭാഷയെ നിര്‍ബന്ധമാക്കിയതായിട്ടാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി അറിയിച്ചത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രാദേശിക ഭാഷകളെ ബംഗാളികള്‍ മാനിക്കുന്നുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബംഗാളി ഭാഷക്ക് പുറമെ മറ്റേത് പ്രാദേശിക ഭാഷ പഠിക്കാനും സൗകര്യം നല്‍കും.
കര്‍ണാടക
കുമാരസ്വാമിക്ക് ജാമ്യം അനുവദിച്ചു
ബംഗളൂരു: ഖനി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഏഴു ദിവസത്തേക്കാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അനധികൃത ഖനി ഇടപാടു സംബന്ധിച്ച കേസ് അന്വേഷിക്കാന്‍ ലോകായുക്ത പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."