അറബ് വസന്തനായകന്റെ ദാരുണാന്ത്യം
ഈജിപ്തിന്റെ തെരുവുകളെ ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ട് മുഖരിതമാക്കിയ മുന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിക്ക് വിചാരണക്കോടതിയില്‍ ദാരുണമായ അന്ത്യം ഉണ്ടായിരിക്കുന്നു. വിചാരണ തുടരാനിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു, ഈജിപ്ഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമരനായകനായ മുര്‍സി. പട്ടാളഭരണകൂടത്തിന്റെ ആജീവനാന്ത തടവിലായ മുര്‍സി കഴിഞ്ഞ ആറുവര്‍ഷമായി തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 1981 മുതല്‍ 2011 വരെ 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഹുസ്‌നി മുബാറകിന്റെ സ്വേച്ഛാധിപത്യത്തിനെതിരേയായിരുന്നു ഈജിപ്തില്‍ അറബ് വസന്തത്തിന്റെ അലയൊലികള്‍ ആഞ്ഞുവീശിയത്. അറബ് മേഖലയിലും ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏകാധിപതികളായ ഭരണകൂടത്തിനെതിരേ 2010ല്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവ പരമ്പരകളാണ് അറബ് വസന്തം എന്നറിയപ്പെടുന്നത്. ചിലര്‍ ഇതിനെ അറബ് ശിശിരം എന്നും വിളിക്കാറുണ്ട്.
മധ്യേഷ്യയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അതുപോലെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏറക്കുറേ സ്വേച്ഛാപരവും മുഴുവന്‍ അധികാരങ്ങളും ഒരു വ്യക്തിയിലോ വ്യക്തി നയിക്കുന്ന ചെറുസംഘങ്ങളിലോ മാത്രം കേന്ദ്രീകരിക്കപ്പെട്ടതോ ആയ ഭരണകൂടങ്ങളായിരുന്നു. പൗരാവകാശങ്ങള്‍ പരിമിതം, അതുതന്നെ ഭരണകൂടത്തിന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തിട്ടപ്പെടുത്തി നിശ്ചയിച്ചതായിരുന്നു. ജനാധിപത്യ അവകാശങ്ങളോ ജനാധിപത്യ സാമൂഹ്യ വ്യവസ്ഥയോ ഇല്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നൊന്നില്ല, കാലങ്ങളായി തുടര്‍ന്നുപോരുന്ന ഏകാധിപത്യരീതിയുള്ള ഭരണകൂടങ്ങള്‍. ആധുനിക അര്‍ഥത്തിലുള്ള മനുഷ്യാവകാശങ്ങള്‍ എന്നൊന്ന് കേട്ടുകേള്‍വി തന്നെയില്ല ഈ രാജ്യങ്ങളില്‍. ഭരണകൂട മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല എന്നതുകൊണ്ടുതന്നെ ഭരണം എങ്ങനെയുമാകാമെന്ന സ്ഥിതി വന്നു. ഭരണം ജനോപകാരപ്രദമായി പരിണമിക്കുന്നില്ല. ഭരണത്തിന്റെ നേട്ടങ്ങള്‍ തുലോം പരിമിതം. ഇതിനെല്ലാം പുറമെ രൂക്ഷമായ തൊഴിലില്ലായ്മയും കൂടി ആയതോടെ അറബ് യുവാക്കളില്‍ ഭരണകൂടത്തോടുള്ള അരിശം പതഞ്ഞുപൊന്തുകയായിരുന്നു.
ഈ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിലവിലെ ഭരണകൂടങ്ങള്‍ക്കെതിരേ പ്രക്ഷോഭം ഉണ്ടാകുന്നത്. 2010 ഡിസംബറിലാണ് പ്രതിഷേധത്തിന്റെ ആദ്യ തീപ്പൊരി ഉയരുന്നത്, വടക്കന്‍ ആഫ്രിക്കയിലെ തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കെതിരെ. ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം, പൗരാവകാശം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, ഭരണമാറ്റം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തുനീഷ്യന്‍ തെരുവുകള്‍ ജനാധിപത്യ പ്രക്ഷോഭകര്‍ ഇളക്കിമറിച്ചത്. രക്തരഹിതമായ പ്രക്ഷോഭത്തിനൊടുവില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കപ്പെട്ടു. പ്രക്ഷോഭം വിജയം കണ്ടതോടെ പ്രതിഷേധത്തിന്റെ തരംഗങ്ങള്‍ ഈജിപ്ത്, അല്‍ജീരിയ, ജോര്‍ദാന്‍, യമന്‍, സിറിയ, ബഹ്‌റൈന്‍, ലിബിയ എന്നീ രാജ്യങ്ങളേയും പിടിച്ചുലച്ചു. ഈജിപ്തില്‍ ഹുസ്‌നി മുബാറകും വൈകാതെ വീണു. തുടര്‍ന്ന് അവിടെ ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മുഹമ്മദ് മുര്‍സി പ്രസിഡന്റായി അധികാരത്തിലേറിയത്.
ഈജിപ്തിലേക്കും മുഹമ്മദ് മുര്‍സിയിലേക്കും തിരിച്ചുവരാം. ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ പ്രസിഡന്റാണ് മുഹമ്മദ് മുര്‍സി. എന്നാല്‍ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ മുര്‍സിക്കെതിരേ സൈന്യത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നു. ഏത് ജനാധിപത്യമൂല്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടാണോ അറബ് വസന്തം ഈജിപ്തിലെ ഏകാധിപതിയെ തൂത്തെറിഞ്ഞത്, ആ മൂല്യങ്ങള്‍ പാലിക്കാന്‍ മുര്‍സിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു വിമര്‍ശനം. മുര്‍സിയുടെ ഉത്തരവാദിത്വം ജനങ്ങളോടല്ല, മറിച്ച് മുസ്‌ലിം ബ്രദര്‍ ഹുഡിനോടാണ് എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്. ഭരണഘടനയില്‍ വരുത്തിയ മാറ്റങ്ങളും കോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയതും ജുഡിഷ്യറിയിലും സൈന്യത്തിലും അസംതൃപ്തിയും പുകച്ചിലും ഉണ്ടാക്കി. എല്ലാവരെയും പ്രതിനിധീകരിക്കുന്ന പ്രസിഡന്റായി മാറാന്‍ മുര്‍സിക്ക് കഴിഞ്ഞില്ലെന്ന് ചുരുക്കം. പ്രതിഷേധത്തിനിടെ 2013 ജൂണ്‍ മൂന്നിന് പട്ടാള അട്ടിമറിയിലൂടെ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍സിസി, മുര്‍സിയെ പുറത്താക്കി. വൈകാതെ അദ്ദേഹത്തെ ജയിലിലുമടച്ചു.
അര ഡസനോളം കുറ്റങ്ങളാണ് മുര്‍സിക്കെതിരേ ചുമത്തിയത്. ജയില്‍ കുത്തിത്തുറക്കല്‍, ജുഡിഷ്യറിയെ ആക്രമിക്കല്‍, തീവ്രവാദം പ്രചരിപ്പിക്കല്‍, കൊലക്കുറ്റം, തെരഞ്ഞെടുപ്പിലെ കൃത്രിമത്വം, വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി ചാരപ്പണി നടത്തല്‍ എന്നിവയൊക്കെയാണ് കുറ്റം. കുറ്റങ്ങളെല്ലാം തന്നെ മുര്‍സി നിരാകരിച്ചുവെങ്കിലും അത്രയൊന്നും സുതാര്യവും തുറന്നതുമായ വിചാരണ ഇല്ലാത്തതിനാല്‍ അദ്ദേഹം പല കേസുകളിലും ശിക്ഷിക്കപ്പെട്ടു. 2012 ല്‍ കെയ്‌റോയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുമ്പില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തില്‍ 2015ല്‍ 20 വര്‍ഷം ശിക്ഷ മുര്‍സിക്ക് ലഭിച്ചതാണ്. ഖത്തറിനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മറ്റൊരു ജീവപര്യന്തം കൂടി ലഭിച്ചു. ഫലസ്തീനിലെ ഹമാസിനുവേണ്ടി ചാരപ്രവര്‍ത്തി ആസൂത്രണം ചെയ്തുവെന്ന കേസില്‍ വിചാരണ നേരിടവെയാണ് അദ്ദേഹം കഴിഞ്ഞദിവസം കോടതിയില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്.
ജയിലിലെ ക്രൂരമായ ഒറ്റപ്പെടുത്തലുകളും ഏകാന്തവാസവും കൃത്യമായ ചികില്‍സ ലഭിക്കാത്തതുമാണ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ശരീരം തിടുക്കത്തില്‍ അടക്കം ചെയ്തത് മരണത്തിന്റെ ദുരൂഹത വളര്‍ത്തുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
അറബ് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം ഭരണത്തിലെത്തിയ ഭരണകൂടങ്ങള്‍ മിക്കതും പോരാട്ടത്തിന്റെ ലക്ഷ്യമെന്തൊക്കെയായിരുന്നു എന്ന് മനസ്സിലാക്കാതെയാണ് ഭരണം ഇപ്പോഴും തുടര്‍ന്നു പോരുന്നത്. മധ്യേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലേയും ഇപ്പോഴത്തെ ചില ഭരണകൂടങ്ങള്‍ അവരുടെ പൗരന്മാരോട് കാണിക്കുന്ന ചെയ്തികള്‍ വസന്തപൂര്‍വ ഭരണകൂടങ്ങള്‍ ചെയ്തുകൂട്ടിയതിനേക്കാള്‍ ഒട്ടും കുറവല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴാണ് 'ഇനിയെന്ത്' എന്ന വലിയ ചോദ്യം അറബ് സഹോദരങ്ങളെ വേട്ടയാടുന്നത് എന്ന് നാം തിരിച്ചറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."