ഛത്തിസ്ഗഢില്‍ അജിത് ജോഗിയെ കൂട്ടുപിടിച്ച് മായാവതി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേയുള്ള പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ഛത്തിസ്ഗഢില്‍ തിരിച്ചടി. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുമായി സംസ്ഥാനത്ത് സഖ്യമുണ്ടാക്കുമെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബി.എസ്.പി)മായാവതി പ്രഖ്യാപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി ഒരുമിച്ച് മത്സരിക്കാന്‍ ബി.എസ്.പി തീരുനമാനിച്ചുവെന്ന് മായാവതി പറഞ്ഞു.
ആകെയുള്ള 90 സീറ്റുകളില്‍ ബി.എസ്.പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കുമെന്നും വിജയിക്കുകയാണെങ്കില്‍ അജിത് ജോഗി മുഖ്യമന്ത്രിയാവുമെന്ന് അവര്‍ പറഞ്ഞു. ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യമുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ സഖ്യ രൂപീകരണത്തിനായി കോണ്‍ഗ്രസ് മായവതിയുമായി ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് വിഭജനത്തില്‍ തീരുമാനത്തിലെത്താനായില്ല. സമാനമായ സാഹചര്യമാണ് രാജസ്ഥാനിലും. സഖ്യകക്ഷി രൂപീകരണത്തില്‍ ഇവിടെ ഇതുവരെ തീരുമാനമായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 165 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റാണ് ലഭിച്ചത്.
നാല് സീറ്റുകളില്‍ മാത്രമാണ് ബി.എസ്.പി ജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളാണ് ബി.എസ്.പി ആവശ്യപ്പെട്ടതെന്നും പത്ത് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനത്തില്‍ തീരുമാനമാവുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് തലവന്‍ കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആറ് ശതമാനം ദലിത് പ്രാതിനിധ്യമുള്ളതിനാല്‍ മായാവതിയെ കൂടെക്കൂട്ടാന്‍ കമല്‍ നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് വിമതനുമായി മായാവതി സഖ്യമുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."