ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ നീട്ടി
കൊളംബോ: ഏപ്രില്‍ 21ന് നടന്ന സ്‌ഫോടനങ്ങളെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു മാസത്തേക്കു കൂടി നീട്ടിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. തദ്ദേശീയ തീവ്രവാദി സംഘങ്ങളെ ഉപയോഗിച്ച് ഭീകരസംഘടനയായ ഐ.എസ് നടത്തിയ ഭീകരാക്രമണത്തില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളും വീടുകളും പള്ളികളും വ്യാപകമായി ആക്രമിക്കപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബോംബാക്രമണം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചിട്ടും അവഗണിച്ചതിന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മുതിര്‍ന്ന പൊലിസ് ഓഫിസര്‍മാര്‍ക്കെതിരേ പൊലിസ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ നീട്ടിയത്. ശ്രീലങ്കയില്‍ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം വിവരം കൈമാറിയെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല.
മൂന്നു ക്രിസ്ത്യന്‍ പള്ളികളും ആഡംബര ഹോട്ടലുകളും തകര്‍ക്കപ്പെട്ട ഭീകരാക്രമണത്തോടനുബന്ധിച്ച് 10 വനിതകളുള്‍പ്പെടെ നൂറിലധികം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാവരും കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."