ഇറാനു നേരെ ഒരു ബുള്ളറ്റ് വിട്ടാല്‍ യു.എസ് താല്‍പര്യങ്ങളെ ആക്രമിക്കും
തെഹ്‌റാന്‍: ഇറാനു നേരെ ഒരു ബുള്ളറ്റ് വിട്ടാല്‍ യു.എസിന്റെയും അവരുടെ സഖ്യരാജ്യങ്ങളുടെയും മേഖലയിലെ താല്‍പര്യങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍. ശത്രു വല്ല അബദ്ധവും കാണിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇറാന്‍ സായുധസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫസല്‍ ഷെകാര്‍ച്ചി വാര്‍ത്താ ഏജന്‍സിയായ തസ്‌നീമിനോടു പറഞ്ഞു.
തങ്ങളുടെ ഡ്രോണിനെ വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ മിനുട്ടുകള്‍ക്കകം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു യു.എസ് പദ്ധതി. എത്ര പേര്‍ കൊല്ലപ്പെടുമെന്നു ചോദിച്ചപ്പോള്‍ 150 പേര്‍ എന്ന് പട്ടാള ജനറല്‍ പറഞ്ഞു. അപ്പോള്‍ ഒരു ആളില്ലാ ഡ്രോണിന്റെ പേരില്‍ 150 പേരെ കൊല്ലേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനുമായി ഒരു യുദ്ധം താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുദ്ധം നടന്നാല്‍ പിന്നെ ഇറാനെ തുടച്ചുമാറ്റുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്‍ സൈനിക വക്താവിന്റെ പ്രതികരണം. ഇറാനെ വീണ്ടും ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കാനാണ് യു.എസിന്റെ പ്രകോപനമെന്നും പറയപ്പെടുന്നു.
ഇറാന്റെ അതിര്‍ത്തിയില്‍ ഒരുതരത്തിലുള്ള അതിക്രമവും അനുവദിക്കില്ല. യു.എസിന്റെ ഭാഗത്തുനിന്നുള്ള ഏതുതരം ആക്രമണത്തെയും ശക്തമായി നേരിടുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. യു.എസിന്റെ ഇറാന്‍ ജലാതിര്‍ത്തിക്കു മുകളില്‍ വച്ച് മിസൈല്‍ വിട്ട് തകര്‍ത്തതോടെ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമാണുള്ളത്. എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പറക്കുമ്പോഴാണ് ഡ്രോണിനെ വീഴ്ത്തിയതെന്നാണ് യു.എസ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."