ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ തദ്ദേശഫണ്ടില്‍ 'കൈയിട്ടുവാരാന്‍' സര്‍ക്കാര്‍ ഉത്തരവ്
കാഞ്ഞങ്ങാട്: ലൈഫ് ഭവന പദ്ധതിയുടെ മറവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുകയില്‍ കൈയിട്ടുവാരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലൈഫ് ഭവന പദ്ധതിക്കായി ഗുണഭോക്തൃ പട്ടികയിലെ ഭൂമിയുളള ഭവനരഹിതര്‍ക്കു ഭവന നിര്‍മാണത്തിനു വായ്പ അനുവദിക്കാനും ഈ തുക പിന്നീടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നു തിരിച്ചുപിടിക്കാനുമാണ് തീരുമാനം.
വികസന ഫണ്ടിലെ 20 ശതമാനം 15 വര്‍ഷം കൊണ്ടു തിരിച്ചുപിടിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ ഭരണസമിതിയോഗം ചേര്‍ന്നു സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കേണ്ടതുണ്ട്. ഈ അംഗീകാരത്തിനായി സര്‍ക്കാര്‍ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്. ഇങ്ങനെ വന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ സ്തംഭിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിലെ ഭവനരഹിതര്‍ക്കു ധനസഹായമായി വായ്പ ലഭ്യമാക്കുന്നതിന് കെ.യു.ആര്‍.ഡി.എഫ്.സി (കേരള അര്‍ബന്‍ റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍) യുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കരാര്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചാണു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇടതു സര്‍ക്കാരിന്റെ നാലു മിഷനുകളിലെ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയാണു ലൈഫ് ഭവന പദ്ധതി. സ്ഥലമില്ലാത്തവര്‍ക്കു വീടും സ്ഥലവും വീടില്ലാത്തവര്‍ക്കു വീടും നല്‍കുക എന്നതാണു ലൈഫ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി വന്നതോടെ നേരത്തേ നിലവിലുണ്ടായിരുന്ന മറ്റെല്ലാ ഭവന പദ്ധതികളും നിര്‍ത്തി വെച്ചിരുന്നു.
ഹഡ്‌കോയുടെ 400 കോടി രൂപയുടെ വായ്പ സ്വീകരിച്ചാണു പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഇതു തിരിച്ചടക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അവരുടെ വികസന പദ്ധതി അടങ്കലിന്റെ 20 ശതമാനം കുറവു വരുത്താന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തണമെന്ന സര്‍ക്കുലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ചെറിയ തുക വികസന ഫണ്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തില്‍നിന്ന് 20 ശതമാനം 15 വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ ചില വികസന പദ്ധതികള്‍ നിലക്കുകയും പ്രവൃത്തികള്‍ മന്ദീഭവിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."