കണ്ണോരം പറന്നിറങ്ങി വിസ്മയം
കണ്ണൂര്‍: ഉത്തര മലബാറിന്റെ ഏറെക്കാലമായുള്ള സ്വപ്നത്തിനു ചിറകുവിരിച്ച് കണ്ണൂരില്‍ ആദ്യ യാത്രാവിമാനമിറങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വാണിജ്യ സര്‍വിസിനു മുന്നോടിയായുള്ള യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി.
189 പേര്‍ക്കു യാത്ര ചെയ്യാവുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് ഇന്നലെ വിമാനത്താവളത്തിലിറങ്ങിയത്. രാവിലെ 9.50നു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട ഐ.എക്‌സ് 555 എ.എക്‌സ്.ബി 555 നമ്പര്‍ വിമാനമാണ് 11.26നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.
10.30ഓടെ വിമാനത്താവളത്തിനു മുകളിലെത്തിയ വിമാനം വേഗത കുറച്ച് 40 മിനിറ്റ് പറന്നു. ആറു തവണ താഴ്ന്നുപറന്നു പരിശോധന നടത്തിയ ശേഷമായിരുന്നു ലാന്‍ഡിങ്.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സജ്ജമാക്കിയ റണ്‍വേയിലെ 07, 25 അതിര്‍ത്തികളിലൂടെ മൂന്നു തവണ വീതം താഴ്ന്നുപറക്കുന്ന ടച്ച് ആന്‍ഡ് ഗോ രീതിയില്‍ ലാന്‍ഡിങ് നടത്തിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഏതെങ്കിലും സാഹചര്യത്തില്‍ വിമാനം ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ തിരികെ പറക്കുന്ന മിസ്ഡ് അപ്രോച്ചും പരീക്ഷിച്ചു. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട എയ്‌റോ ബ്രിഡ്ജില്‍ ഘടിപ്പിച്ച ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥ സംഘത്തെ കിയാല്‍ എം.ഡി വി. തുളസീദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശിയായ കമാന്‍ഡര്‍ ക്യാപ്റ്റന്‍ എ.എസ് റാവുവാണ് വിമാനം പറത്തിയത്. ഫസ്റ്റ് ഓഫിസര്‍ അരവിന്ദ് കുമാര്‍, തിരുവനന്തപുരം സ്വദേശിനിയായ സീനിയര്‍ കാബിന്‍ ക്രൂ സൈന മോഹന്‍ എന്നിവരും രണ്ടു സുരക്ഷാജീവനക്കാരും ഒരു കൊമേഴ്‌സ്യല്‍ ജീവനക്കാരനും വിമാനത്തിലുണ്ടായിരുന്നു. ഉച്ചയ്ക്കു 12.50നു വിമാനം തിരുവനന്തപുരത്തേക്കു മടങ്ങി.
ഫ്‌ളൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വിസിന് അന്തിമ അനുമതി നല്‍കുക.
ഒക്ടോബര്‍ അവസാന വാരം ഉദ്ഘാടനം നടത്തി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ വിമാന സര്‍വിസ് നടത്താനാണ് കിയാല്‍ അധികൃതരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."