കരിഞ്ചോല പുനരധിവാസം: വീട് നിര്‍മിച്ചു നല്‍കിയത് സമസ്ത തന്നെയെന്ന് കുടുംബം
തിരുവമ്പാടി: കരിഞ്ചോല ദുരന്തത്തിനിരയായ മണ്ണില്‍തൊടിക അബ്ദുല്‍ നാസറിന് സ്ഥലം നല്‍കിയതും വീടും നിര്‍മിച്ചതും സമസ്ത തന്നെയെന്ന് കുടുംബം. വിഷയത്തില്‍ സമസ്തക്ക് പങ്കില്ലെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് നാസറിന്റെ ഭാര്യ നുസൈബ പറഞ്ഞു.
സര്‍ക്കാരില്‍നിന്ന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷവും വീട് വയ്ക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി നാലു ലക്ഷവും കിട്ടിയിട്ടുണ്ടെങ്കിലും വീട് പൂര്‍ത്തീകരിച്ചതിനു ശേഷമുള്ള വര്‍ക്ക് ഏരിയ, കുഴല്‍ക്കിണര്‍ നിര്‍മാണങ്ങള്‍, ഭര്‍ത്താവിന്റെ ചികിത്സ എന്നിവയ്ക്കായി ഈ പണം നീക്കിവച്ചതാണെന്നും സമസ്ത ചെയ്ത സേവനം ഒരിക്കലും മറക്കില്ലെന്നും പ്രാസ്ഥാനിക വിരുദ്ധരാണ് വ്യാജവാര്‍ത്തക്ക് പിന്നിലെന്നും ഇവര്‍ സുപ്രഭാതത്തോട് വ്യക്തമാക്കി.
ചാനലുകളും പത്രമാധ്യമങ്ങളും യാഥാര്‍ഥ്യം മനസിലാക്കുന്നില്ലെന്നും മൊബൈലില്‍ വിഡിയോ എടുത്ത് സമസ്ത ചെയ്ത സേവനം തെറ്റിദ്ധരിച്ചവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും വേദനയോടെ നുസൈബ പറഞ്ഞു. രണ്ട് കിടപ്പുമുറി, അടുക്കള, ഡൈനിങ് ഹാള്‍, സിറ്റ്ഔട്ട്, ഗോവണിപ്പടി, മേല്‍ക്കൂര, നിലം ടൈല്‍ പാകല്‍ ഉള്‍പ്പെടെ എല്ലാ പ്രവൃത്തിയും പൂര്‍ത്തീകരിച്ചത് സമസ്തയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുറ്റിയടിച്ചത് മുതല്‍ വീട് നിര്‍മാണം പൂര്‍ത്തിയാകും വരെ ഓരോ നിമിഷങ്ങളിലും സമസ്തയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മനോഹരമായ വീടിന് നാലു ലക്ഷം രൂപ മതിയാകില്ലെന്ന് ഇവിടെ വന്നുനോക്കുന്ന എല്ലാവര്‍ക്കും അറിയാം. എട്ടു ലക്ഷത്തോളം രൂപ ചെലവ് വന്ന വീടിന് ആവശ്യമായ സംഖ്യ മുഴുവന്‍ മുടക്കിയത് സമസ്തയാണ്. സര്‍ക്കാര്‍ അനുവദിച്ച സംഖ്യയുടെ രണ്ടാം ഘട്ടം 1,49,050 രൂപ ലഭിച്ചത് ഫെബ്രുവരി ഏഴിനാണ്. ഇതിന്റെ പിറ്റേന്നാണ് പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചത്.
ഒരു വരുമാനവും ഇല്ലാത്ത തങ്ങള്‍ക്ക്, സര്‍ക്കാരിന്റെ മൂന്നാം ഗഡു ലഭിക്കുന്നതിന്റെ രണ്ടു മാസം മുന്‍പ് വീടുപണി പൂര്‍ത്തീകരിച്ച് താമസം മാറാന്‍ കഴിഞ്ഞത് സമസ്ത കാരണമാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ച് വീടിന്റെ വര്‍ക്ക്ഏരിയ ഉള്‍പ്പെടെ എടുക്കുന്നുണ്ട്. സ്ഥലം കാലകണ്ടി റഹീം ഹാജി സൗജന്യമായി നല്‍കിയതാണെന്നും രേഖാപരമായി സഹോദരന്‍ സമദിന്റെ പേരിലായതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച ആറ് ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയതായും നുസൈബയും റഹീം ഹാജിയും പറഞ്ഞു. എന്നാല്‍ ഈ പണം നുസൈബയുടെ അമ്മാവന്‍ അന്‍വര്‍ സഖാഫിയെ ഏല്‍പ്പിച്ചു. ആറു ലക്ഷം രൂപ കൈപ്പറ്റിയതായും ഇതു പിന്നീട് നുസൈബക്ക് കൈമാറിയതായും സ്ഥലം സൗജന്യമായി കിട്ടിയത് തന്നെയെന്ന് അന്‍വര്‍ സഖാഫിയും പറഞ്ഞു.
സ്ഥലം വില്‍പനയാണെങ്കില്‍ ഭൂവുടമക്ക് ആയിരുന്നു പണം കൊടുക്കേണ്ടത്. പണവും എന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും നല്ല ഭാവിക്കായി റഹീം ഹാജി നല്‍കുകയായിരുന്നു. ജോലിക്കു പോലും പോകാന്‍ കഴിയാത്ത ഹൃദ്രോഗിയും നിവര്‍ന്നുനടക്കാന്‍ പോലും കഴിയാത്ത തന്റെ ഭര്‍ത്താവിന്റെ അവസ്ഥ കണ്ടിട്ട് സമസ്ത നല്‍കിയ സഹായങ്ങള്‍ക്കൊപ്പം വിവിധ കോണുകളില്‍നിന്ന് കിട്ടുന്നത് കിട്ടട്ടെ എന്നാണ് റഹീം ഹാജിയും വീട് നിര്‍മാണ കമ്മിറ്റിയും കരുതിയത്.
എന്നാല്‍ ചിലയാളുകള്‍ തന്നെയും കുടുംബത്തെയും അനാവശ്യമായി വേട്ടയാടുകയാണെന്നും സമസ്ത സഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതു മുതലാണ് വീട് നിര്‍മാണം തുടങ്ങിയതെന്നും സമസ്ത നേരിട്ടും ബാങ്കിലടച്ചതും ഉള്‍പ്പെടെ എട്ടു ലക്ഷത്തോളം രൂപ നല്‍കിയതിന്റെ മുഴുവന്‍ രേഖയും തന്റെ പക്കലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനും സി.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."