ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്ത് ജയിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ബി.ജെ.പി ദേശീയ നേതൃത്വം.
വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുക. അരൂരില്‍ ബി.ഡി.ജെ.എസും പാലായില്‍ കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവും സ്ഥാനാര്‍ഥിയെ നിര്‍ത്തും. ഇതില്‍ മൂന്ന് മണ്ഡലങ്ങളിലാണ് വിജയിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഇവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയംപോലും സങ്കീര്‍ണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ട കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ആര്.എസ്.എസ് ഉന്നയിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ഒ.രാജഗോപാല്‍ ലീഡ് ചെയ്തിരുന്ന വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കുമ്മനം രാജശേഖരന് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കോന്നിയില്‍ ശോഭാ സുരേന്ദ്രനേയും എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തേയും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനേയും സ്ഥാനാര്‍ഥിയാക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ബി.ജെ.പിയില്‍ നടക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനം നോട്ടമിട്ട് നില്‍ക്കുന്നതിനാലാണ് കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരത്തിന് ശ്രമിക്കാത്തതെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."