പ്രളയാനന്തരം തലപ്പിള്ളി താലൂക്കില്‍ വിവാദ പെരുമഴ
വടക്കാഞ്ചേരി : പ്രളയാനന്തര പുനരധിവാസവ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ ചൊല്ലി തലപ്പിള്ളി താലൂക്കില്‍ വിവാദ പെരുമഴ.
ഈ മാസം 24 ന് ഡോ. പി.കെ ബിജു എം.പി യുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ക്കുന്ന അവലോകനയോഗത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. എം.എല്‍.എ മാരുടെ അവകാശവും അധികാരവും കവര്‍ന്നെടുത്ത് എം.പി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയോജകമണ്ഡലം തലങ്ങളില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നതാണ്.
ഇതനുസരിച്ച് എല്ലാ മണ്ഡലങ്ങളിലും എം.എല്‍.എ മാരാണ് യോഗം വിളിക്കുന്നത്. എന്നാല്‍ വടക്കാഞ്ചേരിയില്‍ മാത്രം എം.പി യോഗം വിളിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് യു.ഡി.എഫ് ചോദിയ്ക്കുന്നത്. ദുരിതബാധിതര്‍ക്ക് കൂടുതല്‍ കേന്ദ്ര സഹായം ഉറപ്പ് വരുത്തുന്നതില്‍ എം.പി തികഞ്ഞ പരാജയമാണ്. ഇത് മറച്ച് വെയ്ക്കാനാണ് എം.പി യുടെ രാഷ്ട്രീയ നാടകമെന്നും യു.ഡി.എഫ് ആരോപിച്ചു.
ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് യു.ഡി.എഫ് പ്രതിനിധി സംഘം നിവേദനം നല്‍കി. യോഗം മാറ്റിവെയ്ക്കണമെന്നും അല്ലാത്തപക്ഷം യോഗസ്ഥലത്തേക്ക് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. തനിയ്ക്ക് ലഭിച്ച പരാതി ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായി തഹസില്‍ദാര്‍ മുഹമ്മദ് കമാല്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മര്‍ ചെറുവായില്‍ , ജിജോ കുരിയന്‍, പി.ജെ തോമാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."