നൂറിന്റെ നിറവില്‍ വൈക്കം നഗരസഭ സ്മാരകമായി ബഹുനില മന്ദിരം
വൈക്കം: നൂറ് വര്‍ഷം തികയുന്ന വൈക്കം നഗരസഭാ ഓഫിസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹുനിലയില്‍ ശതാബ്ദി സ്മാരക മന്ദിരം നിര്‍മ്മിക്കുമെന്ന് നഗരസഭ വികസന സെമനിനാര്‍.
എല്ലാ വിധത്തിലുമുള്ള ആധുനിക സൗകര്യങ്ങളും ശതാബ്ദി സ്മാരക മന്ദിരത്തില്‍ ഉണ്ടാകും. ഇതിന്റെ നിര്‍മ്മാണത്തിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2017-18 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായി ചേര്‍ന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. 8,16,49,000 രൂപയാണ് വിവിധ ഇനങ്ങളിലായി നഗരസഭയ്ക്ക് ലഭ്യമായിട്ടുള്ളത്. കരട് നിര്‍ദ്ദേശങ്ങള്‍ വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ അവതരിപ്പിച്ചു. ജെട്ടി മൈതാനിയില്‍ പി.കൃഷ്ണപിള്ള സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയവും പൊലീസ് സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് വേയും നിര്‍മ്മിക്കും. വേമ്പനാട്ടുകായലോരത്തെ ബീച്ചില്‍ സ്റ്റേഡിയവും ക്ലോക്ക് ടവറും ബോട്ടുജെട്ടി നിര്‍മ്മിക്കുവാനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. തീണ്ടല്‍പലക സ്ഥാപിച്ചിരുന്ന പടിഞ്ഞാറെ നടയിലെ കലുങ്കിന് കുറുകെ വൈക്കം സത്യാഗ്രഹ സ്മാരക കവാടം നിര്‍മ്മിക്കുവാന്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സും പൊതുശ്മശാനത്തോട് ചേര്‍ന്ന് ശാന്തിവനവും നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപയും വകയിരുത്തി. മാലിന്യ സംസ്‌ക്കരണത്തിനായി പ്ലാന്റ് സ്ഥാപിക്കുകയും ജൈവവളം ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. കോവിലകത്തും കടവ് മത്സ്യമാര്‍ക്കറ്റിന്റെ തെക്കുഭാഗത്തായി പാര്‍ക്കിംഗ് ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുക്കും. തരിശ് കിടക്കുന്ന നാറാണത്ത് പാടശേഖരം കൃഷിയോഗ്യമാക്കും.
'നഗരശ്രീ'യുടെ ലേബലില്‍ നാറാണത്ത് അരി ഉല്‍പാദിപ്പിച്ച് വിപണിയിലിറക്കും. ആറാട്ടുകുളങ്ങരയ്ക്ക് സമീപമുള്ള വ്യവസായ എസ്റ്റേറ്റിനായി മാറ്റി വെച്ച സ്ഥലത്ത് ഐ.ടി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ദളവാക്കുളത്ത് പോരാളികള്‍ക്ക് ഉചിതമായ സ്മാരകസ്തൂപം നിര്‍മ്മിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ ലേബലില്‍ കലര്‍പ്പില്ലാത്ത കറിപൗഡര്‍ വിപണിയിലിറക്കും. പട്ടികജാതി കോളനികളില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."