അനധികൃത മണല്‍കടത്തിനെതിരെ പൊലീസിന്റെ സംയുക്ത പരിശോധന
കൊപ്പം : അനധികൃതമണല്‍കടത്തിനെതിരെ കൊപ്പം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ ഉദ്ധ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി തോണികള്‍ പിടികൂടി നശിപ്പിച്ചു. തൂതപ്പുഴയിലും ഭാരതപ്പുഴയിലും പ്രളയത്തെത്തുടര്‍ന്നു അടിഞ്ഞ തരിമണല്‍ അനധികൃതമായി കടത്തുന്ന സംഘങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് മേഖലകളില്‍ പരിശോധന ശക്തമാക്കിയത്. പാലക്കാട് ജില്ലാപോലീസ് മേധാവി, പെരിന്തല്‍മണ്ണ, ഷൊര്‍ണൂര്‍ ഡി. വൈ. എസ്. പിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ കൊപ്പം പൊലീസിന്റെ സംയുക്ത പരിശോധനക്ക് തുടക്കമായത്. കഴിഞ്ഞ ദിവസം വിവിധ കടവുകളില്‍ നടന്ന പരിശോധനയില്‍ വെള്ളത്തില്‍ മുക്കിയ നിലയില്‍ കണ്ടെത്തിയ ഏഴോളം തോണികള്‍ ഇവര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മേഖലയില്‍ നടന്നുവരുന്ന അനധികൃത മണല്‍ കടത്തിനെതിരെ വരും നാളുകളിലും സംയുക്തമായ പരിശോധനകളും നടപടികളും ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കൊപ്പം എസ്. ഐ രാജേഷ്, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ വിപിന്‍ ചന്ദ്രന്‍, പ്രഫുല്‍, പ്രമോദ്, അനീഷ്, ജോസഫ് കൊപ്പം സ്റ്റേഷനിലെ മുരുകന്‍, പ്രസാദ്, സുനില്‍, രതീഷ് എന്നിവര്‍ പങ്കെടുത്തു. മപ്പാട്ടുകരക്ക് സമീപമുള്ള കടന്നേക്കാവ് കടവില്‍ ഇരുകരകളിലും നടന്ന ഒരേസമയത്തുള്ള പരിശോധനയിലാണ് തോണികള്‍ പിടിച്ചെടുത്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."