സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന ഫെയര്‍ലാന്റ് കോളനിയിലാണ് ആള്‍താമസുള്ള വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം നടന്നത്. വ്യാഴം രാത്രിയോടെയാണ് സംഭവം. ഒരു വീട്ടില്‍ മോഷണവും മറ്റ് രണ്ടുവീടുകളില്‍ മോഷണശ്രമവും നടന്നു. ഫെയര്‍ലാന്റ് കോളനിയിലെ ആലംതോട്ടത്തില്‍ ഷഹീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്റെ മാല, അരപ്പവന്‍ തൂക്കം വരുന്ന രണ്ട് മോതിരം, 18,000, 9000 രൂപവീതം വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, ആയിരം രൂപവിലവരുന്ന വാച്ച്, പതിനായിരം രൂപയും എ.ടി.എം, പാന്‍കാര്‍ഡ് എന്നിവ സൂക്ഷിച്ചിരുന്ന പഴ്‌സുമാണ് മോഷ്ടിച്ചത്. ഇതുകൂടാതെ പ്രദേശവാസികളായ പ്രതീഷ്, ചാച്ചന്‍ എന്നിവരുടെ വീടുകളിലും വ്യാഴം രാത്രി മോഷണശ്രമം നടന്നു. ചാച്ചന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നു ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപെടുകായിരുന്നു. മുഖം മറച്ചനിലയില്‍ രണ്ടംഗസംഘമാണ് എത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്ത് സുല്‍ത്താന്‍ ബത്തേരി സി.ഐ എം.ഡി സുനില്‍, എസ്.ഐമാരായ അജീഷ്‌കുമാര്‍, ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു. പൊലിസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞകുറേ മാസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസര പ്രദേശങ്ങളിലുമായി കാരക്കണ്ടി, കുപ്പാടി ഭാഗങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. പ്രദേശങ്ങളിലെ മോഷണശല്യം തടയുന്നതിന്നായി പട്രോളിങ് ശക്തിപെടുത്തുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."