തവനൂര്‍-കിഴിശ്ശേരി റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
കിഴിശ്ശേരി: തവനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും റീ ടാറിംഗ് ചെയ്യാനും അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെനാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഴിശ്ശേരിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പ വഴികൂടിയാണിത്. സ്‌കൂള്‍, ഹോസ്പിറ്റല്‍, പോസ്റ്റ് ഓഫീസ്, ക്ഷേത്രം, പളളികള്‍, മദ്രസകള്‍ , ബാങ്ക്, മൃഗാശുപത്രി, ഇലക്ട്രിസിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ആശ്രയിക്കുന്ന റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
ചെറിയൊരു മഴ പെയ്താല്‍ ഈ റോഡ് ചളിക്കുളമാവും. ശക്തമായ മഴപെയ്താല്‍ കാല്‍മുട്ടോളം വെള്ളമെത്തും. ടാറിങ് ഇളകി മെറ്റലുകള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്. ഓട്ടോ റിക്ഷകള്‍ ഇതിലൂടെ ഓട്ടം പോവാന്‍ മടിക്കുകയാണ്. കാല്‍ നട യാത്ര പോലും ദുസ്സഹമായ ഈ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ മുമ്പും പ്രക്ഷോഭത്തിനൊരുങ്ങിയെങ്കിലും റോഡ് നവീകരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതിനാല്‍ പിന്‍മാറുകയായിരുന്നു.
എന്നാല്‍ അധികൃതര്‍ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും റോഡ് നന്നാക്കാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോചനീയവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പുവിനെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ധേഹം പി കെ ബഷീര്‍ എം എല്‍ എയുമായി സംസാരിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് റോഡ് സംരക്ഷണ സമിതി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇരുചക്രമുള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരും ദിവസവും ആശ്രയിക്കുന്ന റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് തനിയംപുറം, തവനൂര്‍, പെരുന്തായത്ത്, മുണ്ടിലാക്കല്‍, പോത്തുവെട്ടിപ്പാറ എന്നീ പ്രദേശങ്ങളിലെ പൊതുജനങ്ങളുടെയുംസ്‌കൂള്‍ അധികൃതരുടെയും ഒപ്പ് ശേഖരണം നടത്തി ഗതാഗത മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. വര്‍ഷക്കാലം ആരംഭിക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂളുക്ള്‍ തുറക്കുകയും ചെയ്യുന്നതോടെ ഈ പ്രദേശങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ പ്രയാസപ്പെടും.
കുട്ടികള്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത വിധം തകര്‍ന്നിരിക്കുന്ന റോഡ് സ്‌കൂള്‍ തുറക്കുന്നതിനു മു്‌മ്പെ നന്നാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."