പെമ്പിളൈ ഒരുമൈ മത്സരത്തിനില്ല; ഇക്കുറി മനഃസാക്ഷി വോട്ട്
തൊടുപുഴ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാജ്യം തന്നെ ശ്രദ്ധിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മ ഇക്കുറി മത്സരത്തിനില്ല. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മത്സരരംഗത്തു വരികയും മൂന്നു സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തതാണ് കഴിഞ്ഞതവണ മൂന്നാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയത്. എല്‍.ഡി.എഫിനു മുന്‍തൂക്കമുണ്ടായിട്ടും യു.ഡി.എഫിനു ഭരണം ലഭിച്ചത് പെമ്പിളൈ ഒരുമൈ ബാനറില്‍ ജയിച്ചുവന്ന രണ്ടുപേര്‍ പിന്തുണച്ചതോടെയാണ്.
സംഘടനയ്ക്കുള്ളിലെ തമ്മിലടിയും മത്സരിച്ച് ജയിച്ചാലുടന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മെമ്പര്‍മാരെ വലവീശിപ്പിടിക്കുന്നതുമാണ് പെമ്പിളൈ ഒരുമൈയെ തെരഞ്ഞെടുപ്പു രംഗത്തു നിന്ന് പിന്തിരിപ്പിച്ചത്. 2015ലെ തൊഴിലാളി സമരത്തിലൂടെ ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 33 സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്. ദേവികുളം, മൂന്നാര്‍, പളളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണ് മത്സരത്തിനിറങ്ങിയത്.
ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമപഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ജയിച്ചയുടന്‍ തന്നെ വെള്ളത്തായ്, മാരിയമ്മ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കുറച്ചുകാലത്തിനു ശേഷം സി.ഐ.ടി.യുവിലും സി.പി.എമ്മിലുമെത്തിയ ഗോമതി പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.
തങ്ങളോടൊപ്പം ഇപ്പോഴും രണ്ടായിരത്തിലധികം പ്രവര്‍ത്തകരുണ്ടെന്നും എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറയുന്നു. ഇത്തവണ മനഃസാക്ഷി വോട്ട് ചെയ്യാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഗോമതി മത്സരിച്ചിരുന്നു. കൂലി വര്‍ധനയും ബോണസും ആവശ്യപ്പെട്ടാണ് 2015 സെപ്റ്റംബറില്‍ നാല്‍പ്പതിനായിരത്തോളം വരുന്ന സ്ത്രീകളായ തോട്ടം തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന ബാനറില്‍ മൂന്നാറില്‍ സംഘടിച്ചു സമരത്തിനിറങ്ങിയത്. ദേശീയ ശ്രദ്ധയാര്‍ജിക്കാന്‍ സമരത്തിന് കഴിഞ്ഞെങ്കിലും പിന്നീട് രാഷ്ട്രീയക്കളി മൂലം സംഘടനയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."