വീടുകളിലെ അനധികൃത മണലും പിടികൂടും
പട്ടാമ്പി: ഭാരതപ്പുഴയില്‍നിന്നും തൂതപ്പുഴയില്‍നിന്നും അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ റവന്യൂ, പൊലിസ് അധികൃതര്‍ നടപടി കര്‍ശനമാക്കി. കൃത്യമായി രേഖകളില്ലാതെ വീടുകളില്‍ മണല്‍ സൂക്ഷിച്ചാലും നടപടി നേരിടേണ്ടിവരും. ഇത്തരത്തില്‍ രേഖകളില്ലാതെ സൂക്ഷിച്ച മൂന്ന് യൂണിറ്റ് പുഴമണല്‍ തൃത്താലപൊലിസും, പട്ടിത്തറ വില്ലേജാഫീസറുംചേര്‍ന്ന് പിടികൂടി.
ആലൂര്‍ സ്വദേശിയുടെ കൈവശമുള്ള സ്ഥലത്തുനിന്നാണ് മണല്‍ശേഖരം പിടിച്ചെടുത്തത്. വീടുപണിക്കായി കഴിഞ്ഞദിവസം രാത്രിയില്‍ മണല്‍ക്കടത്തുകാര്‍ ഇറക്കിക്കൊടുത്തതായിരുന്നു ഇതെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. രേഖകളില്ലാതെ സൂക്ഷിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണല്‍ നിര്‍മിതികേന്ദ്രക്ക് കൈമാറി.
മണല്‍ കടത്താനുപയോഗിച്ചിരുന്ന ലോറി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം കലക്ടര്‍ക്ക് കൈമാറുമെന്ന് പൊലിസ്് അറിയിച്ചു. മണല്‍ കടത്തുന്ന വാഹനത്തിന്റെ ഉടമക്കും ഡ്രൈവര്‍ക്കും പുറമെ, മണല്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ കൊപ്പം പൊലിസ് സ്റ്റേഷന്കീഴില്‍ മൂന്ന് വാഹനങ്ങളാണ് പിടിയിലായത്.
നിലവില്‍ രാത്രികാലങ്ങളിലും, അവധിദിവസങ്ങളില്‍ മുഴുവന്‍ സമയവും റവന്യൂ സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പ്രവൃത്തിദിനങ്ങളില്‍ 18 വില്ലേജ് ഓഫീസുകളും താലൂക്കോഫീസും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നുണ്ട്. ഇതിനുപുറമേ, താലൂക്ക് പരിധിയിലെ നാല് പൊലിസ് സ്റ്റേഷനുകള്‍ക്ക് കീഴിലും ഇതിനായി പ്രത്യേക പട്രോളിങ്ങും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."