വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: ബന്തിയോട് വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കയ്യാര്‍ മണ്ടേക്കാപ്പിലെ ജി.കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണമൂല്ല്യയെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ചെങ്കള എടനീര്‍ ചൂരിമൂല വീട്ടില്‍ ബി.എം ഉമര്‍ ഫാറൂഖ് (36), പൊവ്വല്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈലിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല ഹൗസിലെ കെ. അഷ്റഫ് (33) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി.ഐ വി.വി മനോജാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇന്നലെ നാലുപ്രതികളേയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) ആല്ഫമയുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. സി.ഐ തിരിച്ചറിയല്‍ പരേഡിനായി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. സി.ജെ.എമ്മാണ് തിരിച്ചറിയല്‍ പരേഡ് നടപ്പാക്കാനായി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഉത്തരവ് നല്‍കിയത്. തിരിച്ചറിയല്‍ പരേഡിന്റെ ഫലം സി.ജെ.എമ്മിന് കൈമാറി. പ്രതികളെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ സംഭവ സ്ഥലത്തടക്കം കൊണ്ട്പോയി പ്രതികളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."