ജില്ല പനിപ്പേടിയില്‍ കുലുക്കമില്ലാതെ അധികൃതര്‍
കാഞ്ഞങ്ങാട്; ജില്ല പനിപ്പേടിയില്‍ നില്‍ക്കുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ജില്ലയില്‍ പണി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിദിനം എഴുനൂറോളം പേരാണ് പനിപിടിച്ചു ചികിത്സ തേടിയെത്തുന്നത്. കഴിഞ മാസം പനിചികിത്സ തേടിയെത്തിയത് 5368 പേരാണ്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്. അതേ സമയം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം വേറെയുമുണ്ട്. ഈമാസം ഇരുപത് ദിവസം തികയുന്നതിനു മുമ്പ് തന്നെ ചികിത്സ തേടിയെത്തിയ പനി രോഗികളുടെ എണ്ണം 4226 ആണ്. ഇതിനു പുറമേ ഛര്‍ദ്ദിയും,വയറിളക്കവും ബാധിച്ച 1283 പേര്‍ വേറെയുമുണ്ട്.
കഴിഞ്ഞ മാസം ഇത്തരം രോഗത്തിന് ചികിത്സ തേടിയത് 1700 പേരാണ്. ഡെങ്കിപ്പനി സംശയിക്കുന്ന രോഗികള്‍ ചികിത്സ തേടിയത് ഈമാസം 24 പേരാണ്. ഇതില്‍ രണ്ടു പേര്‍ക്ക് ഡെങ്കിപ്പനി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പുറമേ മലമ്പനിയും രണ്ടുപേര്‍ക്കു സ്ഥിരീകരിച്ചിട്ടുണ്ട്.അതേ സമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പനി രോഗികളുടെ എണ്ണം കുറഞ്ഞതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ചികിത്സ തേടാതെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കു ഇവരുടെ കയ്യിലില്ലതാനും.
ഇതോടെ കഴിഞ്ഞ മാസങ്ങളില്‍ പനിബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം എട്ടായിരത്തോളം വരുമെന്നാണ് സൂചന. പ്രതിമാസം ആറായിരത്തോളം വരുന്ന പനി രോഗികള്‍ ചികിത്സ തേടിയെത്തുന്നതിനു പുറമേ,മലമ്പനിയും,ഡെങ്കിപ്പനിയും ബാധിച്ചവരും രോഗികളില്‍ ഉണ്ടെന്നുള്ള കാര്യം കണക്കുകളുടെ കളിയില്‍ കുറവാണെന്ന വാദമാണ് ആരോഗ്യ വകുപ്പ് ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടും ജില്ലയില്‍ പത്തിലധികം ആളുകള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. മഴക്കാല രോഗങ്ങളെയും,പനിയെയും നേരിടാന്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനിയും,വയറിളക്കവും,ചര്‍ദ്ധിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതോടെ ആളുകള്‍ ഭീതിയിലാണ്. ശുചിത്വ മിഷനും,മാലിന്യ നിര്‍മാര്‍ജനവും പാളിപ്പോവുകയും നഗരങ്ങളിലും,തോടുകളിലും ഗ്രാമപ്രദേശങ്ങളിലും മാലിന്യ കൂമ്പാരങ്ങള്‍ നിറയുകയും ചെയ്തതോടെ മഴ വന്നാല്‍ ഇതെല്ലാം ചീഞ്ഞളിയുകയും കിണറുകളും,കൈതോടുകളും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ ഇത് ഒഴുകിയെത്തുകയും ചെയ്യും.
ഇത് വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ രോഗം പടരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകളും മറ്റും ഇപ്പോഴും ഉറക്കത്തിലാണ്.അതേ സമയം രോഗികള്‍ വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് കണക്കിലെ കളികള്‍ കൊണ്ട് ഇതിനെ നിസാരവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."