വിദേശ വനിതകളെത്തി: ആഹ്ലാദത്തിമര്‍പ്പില്‍ അഴിയൂര്‍ സ്‌കൂള്‍
വടകര: അഴിയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പഠനസഹായവുമായി വിദേശ വനിതകള്‍ വന്നതിന്റെ സന്തോഷത്തിലാണ് അഴിയൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌പെയിന്‍, ഗ്രീസ്, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു വനിതകളാണ് സ്‌കൂളില്‍ എത്തിയത്. പഠനോപകരണങ്ങളുമായി വന്ന ഇവരെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വരവേറ്റു.
ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന അഴിയൂര്‍ സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ തുണയായി. സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌മൈല്‍ ഫോര്‍ ദ വേള്‍ഡ്' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. അഴിയൂരില്‍ ആയൂര്‍വേദ ക്ലിനിക്കില്‍ ചികിത്സക്കെത്തിയപ്പോഴാണ് വിദേശ വനിതകള്‍ സ്‌കൂളിന്റെ അവസ്ഥ മനസിലാക്കി പഠനോപകരണ സഹായം ലഭ്യമാക്കിയത്. അന്‍പതോളം മേശകളാണ് ഇവര്‍ സംഭാവന ചെയ്തത്. കടലോരമേഖലയിലെ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ചൊവാഴ്ച നടന്ന ചടങ്ങില്‍ മേശ ഏറ്റുവാങ്ങി. സഹായവുമായെത്തിയ വിദേശ വനിതകളെ ആദരപൂര്‍വം സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇവരോടൊപ്പം പാട്ടുപാടിയും തമാശ പങ്കുവെച്ചും ചടങ്ങ് മനോഹരമാക്കി. സ്‌കൂള്‍ അന്തരീക്ഷവും കുട്ടികളുടെ വാത്സല്യവും ഏറെ സന്തോഷം പകരുന്നതായി സംഘംഗം പറഞ്ഞു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന കല്ലേരി, എം സുമേഷ്, ഡോ. അസ്‌കര്‍ (ഗ്രീന്‍സ് ആയൂര്‍വേദിക്), എന്‍.പി പത്മിനി എന്നിവര്‍ സംസാരിച്ചു. കെ.ടി ദിനേശ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."