HOME
DETAILS

നീതിയുടെ പന്തിയില്‍ പക്ഷഭേദം പാടില്ല

  
backup
November 17 2020 | 22:11 PM

5465-2020-article

 


ജറുസലേമില്‍ അജകവാടത്തിനടുത്ത് ബേത്‌സഥാ എന്നു വിളിക്കുന്ന കുളമുണ്ടായിരുന്നു. അതിന് അഞ്ചു മണ്ഡപങ്ങളും. അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. വെള്ളമിളകുമ്പോള്‍ കുളത്തിലേക്കിറങ്ങുന്നവന്‍ സുഖം പ്രാപിക്കും. പക്ഷേ, ആരും സഹായിക്കാനില്ലാത്ത ദുര്‍ബലര്‍ ഇഴഞ്ഞെത്തുമ്പോള്‍ മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. സൗഖ്യദായകമായ നീതിയുടെ ജലം നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് മൊത്തത്തില്‍ അവകാശപ്പെട്ടതാണ്. പക്ഷേ, അവരെ തള്ളിമാറ്റിക്കൊണ്ടാണ് അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള കരുത്തര്‍ ജലചലനം നിലയ്ക്കുംമുന്‍പേ നീതിയുടെ കുളത്തിലേക്ക് ചാടുന്നത്. ആലിബാബയും വരവര റാവുവും സ്റ്റാന്‍ സ്വാമിയും സിദ്ദീഖ് കാപ്പനും സൗഖ്യദായകന്റെ അനിശ്ചിതമായ വരവ് കാത്ത് വിസ്മൃതിയുടെ മണ്ഡപങ്ങളില്‍ നിസ്സഹായരായി കിടക്കുമ്പോള്‍ കായബലവും കോശബലവുമുള്ളവര്‍ കുളിച്ചുകയറിപ്പോകും. നീതിയുടെ സൗഖ്യം അവര്‍ക്കുള്ളതാണ്.
അര്‍ണബ് ഗോസ്വാമി എന്ന മാധ്യമവികൃതിയെ പ്രേരണാക്കുറ്റം ചുമത്തി മുംബൈ പൊലിസ് അറസ്റ്റ് ചെയ്തത് മാധ്യമസംബന്ധിയായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. അദ്ദേഹത്തെ മാധ്യമരക്തസാക്ഷിയായി കാണരുത്. ഓഫിസ് മോടിപിടിപ്പിച്ച വകയില്‍ അയാളില്‍നിന്ന് 83 ലക്ഷം രൂപ കിട്ടാനുള്ള ഇന്റീരിയര്‍ ഡിസൈനറും തുടര്‍ന്ന് അയാളുടെ അമ്മയും ആത്മഹത്യ ചെയ്തതാണ് കേസ്. ആത്മഹത്യയെ സഹാനുഭൂതി കൊണ്ടുപോലും പ്രോത്സാഹിപ്പിക്കരുത്. ഓരോ ആത്മഹത്യയും ന്യായീകരിക്കപ്പെടുമ്പോള്‍ അതു മറ്റൊരു ആത്മഹത്യയ്ക്ക് പ്രേരണയായിത്തീരും. പ്രേരണ കുറ്റമാകുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്.


വൈരനിര്യാതനത്തോടെ ഭരണകൂടത്തിനു പ്രയോഗിക്കാനുള്ള അധികാരമല്ല അറസ്റ്റ്. അതുകൊണ്ട് ഗോസ്വാമിയെ അറസ്റ്റ് ചെയ്താലും സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്താലും ഞാന്‍ വിയോജിക്കും. അറസ്റ്റിനോടുള്ള ഗോസ്വാമിയുടെ പ്രതികരണം വിചിത്രവും നാടകീയവും ആയിരുന്നു. കാമറയുടെ മുന്നില്‍ അയാള്‍ വലിച്ചിഴയ്ക്കപ്പെട്ടു. പ്രകടനത്തിന്റെ സാധ്യതകള്‍ അയാള്‍ക്കറിയാമായിരുന്നു. അറസ്റ്റിനു വഴങ്ങുകയെന്ന നിയമബോധം അയാള്‍ക്കുണ്ടായില്ല. അറസ്റ്റ് ചെയ്യപ്പെട്ട ഗോസ്വാമി ജുഡിഷ്യല്‍ കസ്റ്റഡിയിലായി. പിന്നെ ചെയ്യാനുള്ളത് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയെന്നതാണ്. അതിനു പകരം ബോംബെ ഹൈക്കോടതിയില്‍ അയാള്‍ക്കുവേണ്ടി ഹേബിയസ് കോര്‍പസ് ഹരജിയാണ് ഫയല്‍ ചെയ്യപ്പെട്ടത്. നിയമവിരുദ്ധമായ തടങ്കലില്‍നിന്നുള്ള മോചനത്തിനു വേണ്ടിയുള്ളതാണ് ഹേബിയസ് കോര്‍പസ്. ജുഡിഷ്യല്‍ കസ്റ്റഡി അന്യായത്തടവല്ല.


ചിലര്‍ വരുമ്പോള്‍ നിയമവും ചട്ടവും വഴിമാറുകയോ രൂപാന്തരപ്പെടുകയോ ചെയ്യും. ഗോസ്വാമിയുടെ ക്രമവിരുദ്ധമായ ഹേബിയസ് കോര്‍പസ് ഹരജിയില്‍ അവധിയായിരുന്നിട്ടും ഹൈക്കോടതി അഞ്ചു മണിക്കൂര്‍ വാദം കേട്ടു. സെഷന്‍സ് കോടതിയെ സമീപിക്കുക എന്ന ഉത്തരവാണ് കോടതി നല്‍കിയത്. അതിന് അഞ്ചു മിനുട്ട് മതിയാകുമായിരുന്നു. ഗോസ്വാമിയുടെ അഭിഭാഷകര്‍ രണ്ടായി തിരിഞ്ഞ് ഒരുകൂട്ടം സെഷന്‍സ് കോടതിയിലേക്കും മറ്റേ കൂട്ടം സുപ്രിംകോടതിയിലേക്കും പോയി. ദിവസം മുഴുവന്‍ നീണ്ടുനിന്ന വാദത്തിനൊടുവില്‍ സുപ്രിംകോടതിയില്‍നിന്ന് അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രണ്ടു ഭരണഘടനാ കോടതികള്‍ രണ്ടു ദിവസം ഗോസ്വാമിക്കുവേണ്ടി ചെലവാക്കി. ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ സാധാരണ പൗരന്മാര്‍ക്ക് ലഭിക്കാത്ത പരിഗണനയാണിത്. ഗോസ്വാമിയുടെ റിപ്പബ്ലിക്കിലെ നിയമങ്ങള്‍ നമ്മുടെ റിപ്പബ്ലിക്കിലേക്ക് പകര്‍ത്തപ്പെട്ടു.


ഗോസ്വാമിയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് കരുതുന്ന ഞാന്‍ അദ്ദേഹത്തിനു ജാമ്യം നല്‍കിയ കോടതിയോട് വിയോജിക്കുന്നില്ല. എന്റെ നിലപാട് നമ്മുടെ റിപ്പബ്ലിക്കില്‍ നിലനില്‍ക്കുന്ന നിയമവാഴ്ചയ്ക്കും മൗലികാവകാശങ്ങള്‍ക്കും അനുസൃതമാണ്. ഗോസ്വാമിയുടെ റിപ്പബ്ലിക്കിലെ നീതി വ്യത്യസ്തമാണ്. ഒച്ചിനെപ്പോലെ ഇഴയുന്നതിനും ചീറ്റയെപ്പോലെ കുതിക്കുന്നതിനും പ്രാപ്തിയുള്ള സ്ഥാപനമാണ് നമ്മുടെ സുപ്രിംകോടതി. ഗോസ്വാമിക്ക് നീതി നല്‍കുന്നതിന് അനിതരസാധാരണമായ ത്വര കാണിച്ച സുപ്രിംകോടതി മറ്റുള്ളവരുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയോ തല പൂഴ്ത്തുകയോ ചെയ്യുന്നത് എന്തുകൊണ്ട്. നാനാവിധമായ രോഗപീഡകളാല്‍ വലയുന്ന ആളാണ് 83കാരനായ സ്റ്റാന്‍ സ്വാമി. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ആ പുരോഹിതനു വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഒരു ഗ്ലാസ് വെള്ളം തനിയെ എടുത്തു കുടിക്കാനാവില്ല. അദ്ദേഹം ഒരു സ്‌ട്രോ ചോദിച്ചു; കിട്ടിയില്ല. ഏതു ജയില്‍ചട്ടമാണ് അതിനു തടസമായതെന്നറിയില്ല. അതിനുവേണ്ടി അദ്ദേഹത്തിനു കോടതിയെ സമീപിക്കേണ്ടിവന്നു. അപേക്ഷ മൂന്നാഴ്ചയ്ക്കപ്പുറം നവംബര്‍ 26നു വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഗോസ്വാമി ജേതാവായി കോടതിയെയും നിയമവ്യവസ്ഥയെയും പരിഹസിക്കുമ്പോള്‍ സ്റ്റാന്‍ സ്വാമി അവശരില്‍ അവശനായി കഴിയുന്നു. ഈ സ്വാമിക്കുവേണ്ടി ആ ഗോസ്വാമി സംസാരിക്കുമോ. ആരുടെയും അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ കഴിയാത്ത രീതിയില്‍ വ്യത്യസ്തമാണ് ഗോസ്വാമിയുടെ റിപ്പബ്ലിക്.


നീതിയുടെ പന്തിയില്‍ പക്ഷഭേദം പാടില്ല. നിയമത്തിനു മുന്നില്‍ ഏവരും സമന്മാര്‍ എന്നതാണ് ഭരണഘടനയുടെ ഉറപ്പ്. അര്‍ണബിന് അര്‍മാദിക്കുന്നതിനും അവശര്‍ക്ക് ആര്‍ത്തരായി കഴിയുന്നതിനുമുള്ള ഇടമല്ല ഭരണഘടന സൃഷ്ടിച്ചിട്ടുള്ളത്. അനുഛേദങ്ങളല്ല, ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് കോടതിയുടെ ശരിയായ ശക്തിസ്രോതസ്. അര്‍ണബ് ഗോസ്വാമിയെ തുറന്നുവിട്ടയുടന്‍ കുനാല്‍ കംറയെ അകത്താക്കാന്‍ നടപടികള്‍ തുടങ്ങി. വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികനായിരുന്ന അര്‍ണബ് ഗോസ്വാമിയോട് ചോദ്യങ്ങള്‍ ചോദിച്ച് അലോസരപ്പെടുത്തിയ ഹാസ്യനടനാണ് കംറ. ആ കുറ്റത്തിനു കംറയ്ക്ക് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനു വിലക്കുണ്ടായി. വിദൂഷകനെ ശിക്ഷിക്കുന്നത് കൊട്ടാരത്തിലെ രീതിയല്ല. അക്ബര്‍ക്ക് ബീര്‍ബലും കൃഷ്ണദേവരായര്‍ക്ക് തെനാലി രാമനും ഉണ്ടായിരുന്നു. രാജാവിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളല്ല, രാജാവ് അറിയേണ്ടതായ കാര്യങ്ങളാണ് അവര്‍ ഫലിതരൂപത്തില്‍ പറയുന്നത്. വിദൂഷകനെ കോടതിയലക്ഷ്യത്തിനു പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ അറ്റോര്‍ണി ജനറല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച് തന്റെ ഇതപര്യന്തമുള്ള നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.


അര്‍ണബ് ഗോസ്വാമിയോട് സുപ്രിംകോടതി കാണിച്ച ഔദാര്യം അതേ തോതില്‍ അര്‍ഹിക്കുന്നവരും പ്രതീക്ഷിക്കുന്നവരും നിരവധി വേറെയുണ്ട്. സ്വാതന്ത്ര്യമല്ല, വിറയ്ക്കുന്ന കൈകൊണ്ട് അല്‍പം വെള്ളം കുടിക്കുന്നതിന് ഒരു സ്‌ട്രോയാണ് സ്റ്റാന്‍ സ്വാമിക്കു വേണ്ടത്. അതിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷ മൂന്നാഴ്ച കഴിഞ്ഞ് കേള്‍ക്കാന്‍വച്ച കോടതിയുടെ കോമഡി കുനാല്‍ കംറയ്ക്കുപോലും ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയില്ല. പലതരത്തിലുള്ള ഗുരുതരമായ അവശതകളില്‍ കഴിയുന്നയാളാണ് എണ്‍പതുകാരനായ വരവര റാവു. 2018 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. കൊടുംക്രൂരത അരങ്ങേറിയ ഹത്രാസിലേക്ക് യാത്രയ്ക്കിറങ്ങിയെന്നതാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ അപരാധം. ഇവ്വിധമുള്ളവരുടെ കേസുകള്‍കൂടി അര്‍ണബ് ഗോസ്വാമിയുടെ കേസ് കേട്ട ജഡ്ജിയുടെ മുന്‍പാകെ പോസ്റ്റ് ചെയ്യണം. ഓരോ കേസിനും അനുയോജ്യനായ ജഡ്ജിയെ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം സുപ്രിംകോടതിയിലുണ്ടെന്ന് നമ്മോട് പറഞ്ഞത് സുപ്രിംകോടതിയിലെ നാലു ജഡ്ജിമാര്‍ തന്നെയാണ്. ഗോസ്വാമിയുടെ കാര്യത്തില്‍ ആ ഏര്‍പ്പാടിനെ അപലപിച്ചത് സുപ്രിംകോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ തന്നെയാണ്. സിദ്ദീഖ് കാപ്പനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിക്ക് അടിയന്തരമായി ഇടപെടാന്‍ തോന്നുന്നില്ല. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനു നോട്ടിസ് അയച്ച് മറുപടിക്കുവേണ്ടി കാത്തിരിക്കുകയാണ്. ബേത്‌സഥായിലെ വെള്ളം നിശ്ചലമാകുന്നതിനു മുന്‍പ് ആ കുളത്തിലിറങ്ങുന്നതിന് ആരാണ് ഇവരെ സഹായിക്കുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  31 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  44 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago