അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി
ദുബൈ: സിനിമകൾ വിലയിരുത്തി പുരസ്കാരം നിർണയിക്കാൻ നിയോഗിച്ച ചലച്ചിത്ര ജൂറിയെ എല്ലാവരും അംഗീകരിക്കുകയാണ് ജനാധിപത്യ മര്യാദയെന്ന് ചലച്ചിത്ര അക്കാദമിയുടെ നിയുക്ത ചെയർമാൻ റസൂൽ പൂക്കുട്ടി ദുബൈയിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഒട്ടേറെ പാളിച്ചകൾ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും ചെയ്യാനാകുമായിരുന്നില്ലെന്നും, ജൂറിയെ നിയോഗിച്ച് കഴിഞ്ഞാൽ അവർ അവരുടെ ജോലിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻസർ ബോർഡ് വിഷയത്തിൽ തനിക്ക് ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ നിർമാണത്തിന് ചലച്ചിത്ര അക്കാദമി ധനസഹായം നൽകുന്നത് സംബന്ധിച്ച് അടൂർ ഗോപാലകൃഷ്ണൻ പങ്കു വച്ച അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും, അടൂർ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടായിരിക്കുമെന്ന് കരുതുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സൗജന്യ പാസുകൾ നിർത്തലാക്കുന്നത് പരിഗണനയിലെന്ന് പറഞ്ഞ റസൂൽ പൂക്കുട്ടി, താൻ സ്ഥാനമേറ്റ് കഴിഞ്ഞാൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സൗജന്യ പാസുകൾ നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമിയുടെ കീഴിൽ ദുബൈയിൽ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവ(ഐഐഎഫ്കെ-ഇഫ്കെ) പതിപ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള കൂടിയാലോചനകൾ സെക്രട്ടറിയുമായി നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഇനി മന്ത്രി തലത്തിൽ ഇക്കാര്യം ചർച്ച നടത്തി തീരുമാനിക്കും. ഖിസൈസ് ലുലു കാലിക്കറ്റ് നോട്ട്ബുക് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ ജമാദ് ഉസ്മാനും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."