എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പി വീണു
പെര്‍ള: കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി. സി.പി.ഐ അംഗം ചന്ദ്രാവതിയുടെ പിന്തുണയോടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ വൈ. ശാരദയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.രണ്ടംഗങ്ങളുള്ള സി.പി.എം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.പിയിലെ രൂപവാണി ആര്‍. ഭട്ടിനെ ഏഴിനെതിരേ എട്ട് വോട്ടുകള്‍ക്കാണ് ശാരദ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് ഖണ്ടിഗെയും തെരഞ്ഞെടുത്തു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ജെ.പിയിലെ കെ. പുട്ടപ്പയെയാണ് അബൂബക്കര്‍ സിദ്ദീഖ് ഖണ്ടിഗെ പരാജയപ്പെടുത്തിയത്. ഇരുവരും എന്‍മകജെ പഞ്ചായത്ത് കൃഷി ഓഫിസര്‍ വിപിന്‍ വി. വര്‍മ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
17 അംഗങ്ങളുള്ള എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴ് അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് രണ്ടും സി.പി.ഐക്ക് ഒരു അംഗവുമാണുള്ളത്. കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് ഭരണം ലഭിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം ബി.ജെ.പി പ്രസിഡന്റിനെതിരേ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇടത് അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ പാസായില്ല. ഒന്നരമാസം മുന്‍പാണ് യു.ഡി.എഫ് വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ ഏഴിനെതിരേ 10 വോട്ടുകള്‍ നേടി യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.
തുടര്‍ന്ന് രൂപവാണി ആര്‍. ഭട്ടും പുട്ടപ്പയും രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇതോടെ ജില്ലയില്‍ മധുര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമായി ബി.ജെ.പി ഭരണം ഒതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."