കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കാന്‍ ഹൈക്കോടതികള്‍ക്കും അധികാരമുണ്ട്: സുപ്രിംകോടതി
ന്യൂഡല്‍ഹി: കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും അധികാരമുണ്ടെന്നും അതിനാല്‍ ഹരജികളുമായി നേരെ സുപ്രിംകോടതിയില്‍ തന്നെ എത്തേണ്ട കാര്യമില്ലെന്നും സുപ്രിംകോടതി. പകര്‍ച്ചവ്യാധി നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ഷല്‍ മിഷാറിയെന്ന മഹാരാഷ്ട്ര സ്വദേശി സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
എന്തു ഹരജിയുമായാണ് ഇവിടെ വന്നിരിക്കുന്നതെന്നും അവിടെ ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ അധികാരമുള്ള ബോംബെ ഹൈക്കോടതിയില്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഹരജിക്കാരനോട് ചോദിച്ചു. പകര്‍ച്ചവ്യാധി നിയമത്തെയും അതോടനുബന്ധിച്ച് മാര്‍ച്ച് 15ന് കേന്ദ്രം പുറപ്പെടുവിച്ച സര്ക്കുലറിനെയുമാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര നിയമമായതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും ഹരജിക്കാരന് മറുപടി നല്കി. കേന്ദ്ര നിയമത്തെ ഹൈക്കോടതിയില്‍ തന്നെ ചോദ്യം ചെയ്യാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 245, 246 വകുപ്പുകള്‍ പ്രകാരം കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമുണ്ട്. തങ്ങള്‍ക്ക് അധികാരമുണ്ട്. അതുപോലെ ഹൈക്കോടതിക്കുമുണ്ട്. അതുകൊണ്ട് തങ്ങള്‍ ഇക്കാര്യത്തില്‍ വിധിയൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.
തന്റെ അറിവില്‍പ്പെട്ടിടത്തോളം സുപ്രിംകോടതിക്ക് മാത്രമാണ് കേന്ദ്ര നിയമം റദ്ദാക്കാനുള്ള അധികാരമെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം. ഡല്‍ഹി ഹൈക്കോടതിയുടെ താഴെ നിലയിലുള്ള ലൈബ്രറിയില്‍പ്പോയി ഡി.ഡി ബസുവിന്റെ ഷോര്‍ട്ടര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പുസ്തകം വായിച്ചാല്‍ ഹൈക്കോടതിയുടെ അധികാരങ്ങളെക്കുറിച്ച് അറിയാമെന്നായിരുന്നു ചന്ദ്രചൂഡിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."