ദേശീയപാതയില്‍ ഓടുന്ന ലോറിക്ക് തീപിടിച്ചു ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് തലനാരിഴക്ക്
തേഞ്ഞിപ്പലം: ദേശീയപാതയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് ചെട്ട്യാര്‍മാട് അങ്ങാടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് തലനാരിഴക്ക്. ലോറിയില്‍ നിന്നു കരിഞ്ഞ മണവും ഇടതുഭാഗത്തെ ഹെഡ്‌ലൈറ്റിന്റെ വയറുകളില്‍ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ തിരുന്നാവായ കാരത്തൂര്‍ സ്വദേശി യൂനുസ്, ക്ലീനര്‍ ഇതര സംസഥാനക്കാരനായ രാജു എന്നിവര്‍ വാഹനത്തില്‍ നിന്നും ഉടന്‍ ഇറങ്ങുകയായിരുന്നു.
സഹായത്തിനായി തൊട്ടടുത്തുള്ള തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി പൊലിസിനെ കൂട്ടി എത്തുമ്പോഴേക്കും തീ ലോറിയില്‍ പടര്‍ന്നു പിടിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് വിവരമറിയിച്ചതനുസരിച്ച് കോഴിക്കോട് മീഞ്ചന്തയില്‍ നിന്നു ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂനിറ്റെത്തിയാണ് തീയണച്ചത്. വാഹനത്തിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കോട്ടക്കലില്‍ നിന്നു കാഞ്ഞങ്ങാട്, തലപ്പാടി ഭാഗങ്ങളിലേക്ക് ഫര്‍ണിച്ചറുമായി പോകുന്ന റബ്‌ലി ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന്റെ ലോറിക്കാണ് തീപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."