പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നെടുങ്കണ്ടം പൊലിസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി രാജ്കുമാര്‍ സബ്ജയിലില്‍ മരിച്ചത് ഉള്‍പ്പെടെ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പി.ടി തോമസാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
കേരളത്തിലുടനീളം പൊലിസിന്റെ മൂന്നാംമുറകാരണം ആളുകള്‍ മരിക്കുകയാണെന്നും ഹരിതാ ഫൈനാന്‍സ് ഉടമ രാജ്കുമാറിനെ തല്ലിക്കൊല്ലാന്‍ പൊലിസിന് ആരാണ് അധികാരം തന്നതെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി തോമസ് പറഞ്ഞു. രാജ്കുമാറിന്റെ അറസ്റ്റില്‍ പൊലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇയാളെ 105 മണിക്കൂറും 30 മിനിട്ടും കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വച്ചു. പൊലിസ് ഉരുട്ടിയതുമൂലം ശരീരത്തില്‍ ഗുരുതരമായ മുറുവുകളും മുപ്പത്തഞ്ചോളം പാടുകളും ഉണ്ടായിരുന്നു. തെളിവെടുപ്പിനായി കോലാഹലമേട്ടിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ പൊലിസ് പരസ്യമായി മര്‍ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞെന്നും പി.ടി തോമസ് ആരോപിച്ചു. ജനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ ഹരിത ഫൈനാന്‍സ് സംഘം തട്ടിയെടുത്തിരുന്നു. പട്ടം കോളനി സഹകരണ സംഘം പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ഗോപകൃഷ്ണന് തട്ടിപ്പുസംഘവുമായും രാജ്കുമാറുമായും ബന്ധമുണ്ട്. തട്ടിപ്പ് സ്ഥാപനത്തിന് സി.പി.എമ്മുമായി ബന്ധമുണ്ട്. പണം തട്ടിയെടുക്കാനാണ് രാജ്കുമാറിനെ പൊലിസ് കൊലപ്പെടുത്തിയതെന്നും പി.ടി തോമസ് ആരോപിച്ചു.
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞു. രാജ്കുമാറിന്റെ മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ട്. ഇക്കാര്യം എസ്.പിയുള്‍പ്പെടെ ഉന്നതരായ ഏതെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നോയെന്നതും പരിശോധിക്കും. തെറ്റുകാരുണ്ടെങ്കില്‍ രക്ഷപ്പെടാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. അടിയന്തരാവസ്ഥയുടെ ഓര്‍മദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പിന് കസ്റ്റഡിയിലെടുത്താല്‍ സാധാരണ കോടതിയില്‍ ഹാജരാക്കിയാണ് മേല്‍നടപടികള്‍ സ്വീകരിക്കേണ്ടത്. ഈ മാസം പന്ത്രണ്ടിന് കസ്റ്റഡിയിലെടുത്ത പ്രതിയെ 17ന് കോടതിയില്‍ ഹാജരാക്കിയെന്നാണ് ആരോപണം.
എന്നാല്‍, പൊലിസ് റെക്കോര്‍ഡില്‍ 15ന് കസ്റ്റഡിയിലെടുക്കുകയും പതിനേഴിന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തുവെന്നാണ്. നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. കേസ് പ്രത്യേക സംഘത്തിന് കൈമാറും. മരിച്ച പ്രതിയുടെ ശരീരത്തിലെ പാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് സ്റ്റേഷനുകളില്‍ നരനായാട്ടും കസ്റ്റഡിമരണങ്ങളും ഉണ്ടാകുന്നത് കര്‍ശന നടപടി സ്വീകരിക്കാത്തതിനാലാണെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ മുഖ്യമന്ത്രി അനുചിതമായി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ പ്രതിപക്ഷം വീണ്ടും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷത്തെ പി.ടി തോമസ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഇതിന് മറുപടി നല്‍കാനെത്തിയ മുഖ്യമന്ത്രി, പി.ടി തോമസിനെയും കോണ്‍ഗ്രസിനെയും അടച്ചാക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."