മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനു പിന്നില്‍
ഇന്ത്യയില്‍ മുസ്‌ലിംകള്‍ അക്രമിക്കപ്പെടുകയും പശുവിന്റെ പേരില്‍ കൊല്ലപ്പെടുകയുമാണെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കിയതിനു പിന്നാലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തിയത് കൗതുകകരം തന്നെ. അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരേ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ആഞ്ഞടിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തിറക്കിയ സെക്രട്ടറി തന്നെ ഇന്ത്യ സന്ദര്‍ശിക്കാനും എത്തിയെന്നത് ഏറെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ഇന്ത്യ- അമേരിക്ക വ്യാപാര ബന്ധം, പാകിസ്താനില്‍നിന്നുള്ള ഭീകരാക്രമണങ്ങള്‍, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പോംപിയോ ഇന്ത്യയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. അതിനു പുറമെ ഇന്ത്യ റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടാനും കൂടിയാണ്. അതിനപ്പുറമുള്ള മാനങ്ങള്‍ സന്ദര്‍ശനത്തിനുണ്ടോ എന്നാണറിയേണ്ടത്.
ഇറാന്‍- അമേരിക്ക നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം ഇല്ലാതായതോടെ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ഖാംനഈയും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷെരീഫും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരേ അമേരിക്ക കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പെടുത്തിയിരുന്നു. ഇതുകാരണം ഇവര്‍ക്ക് രാജ്യാന്തര ധന ഇടപാടുകള്‍ നടത്താനാവില്ല. യുദ്ധം അകന്നെന്നു കരുതിയെങ്കിലും മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയാണ് ഇത്തരം കാര്യങ്ങള്‍.
ഇറാന്‍ അതിര്‍ത്തിയിലൂടെ പറന്ന അമേരിക്കയുടെ പൈലറ്റില്ലാ ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നാണ് അമേരിക്കയും ഇറാനും യുദ്ധത്തിന്റെ വക്കോളമെത്തിയത്. അതിനു മുന്‍പ് നാല് എണ്ണക്കപ്പലുകള്‍ ബോംബിട്ട് തകര്‍ത്തത് ഇറാനാണെന്നും അമേരിക്ക പറഞ്ഞിരുന്നു. എന്നാല്‍, ഇറാന്‍ ഇത് നിഷേധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇറാനെതിരേ സൈനിക നീക്കത്തിന് ട്രംപ് ഉത്തരവ് നല്‍കിയതുമാണ്. അദ്ദേഹത്തിന്റെ ഇരുവശത്തുമുള്ള യുദ്ധക്കൊതിയരായ സെക്രട്ടറിമാരാണ് യുദ്ധത്തിനു മുറവിളി കൂട്ടിയത്. എന്നാല്‍, ഇപ്പോള്‍ ഒരു യുദ്ധം തുടങ്ങുകയാണെങ്കില്‍ അത് അമേരിക്കയുടെ പശ്ചിമേഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് യുദ്ധത്തില്‍നിന്ന് ട്രംപ് പിന്മാറിയതെന്ന് പറയപ്പെടുന്നുണ്ട്. എങ്കിലും സൈബര്‍ ആക്രമണത്തിലൂടെ ഇറാനെതിരേ പോരാടുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതിനു പുറമെയാണിപ്പോഴത്തെ ഉപരോധം. ഇതിനെതിരേ ചൈനയും റഷ്യയും രംഗത്തു വന്നിട്ടുണ്ട്. യു.എന്‍.ഒ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആഹ്വാനം നല്‍കിയിട്ടുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ കൂടിവേണം പോംപിയോയുടെ ഇന്ത്യ സന്ദര്‍ശനത്തെ കാണാന്‍.
നേരത്തേ ബറാക് ഒബാമയുമായി ഉണ്ടായിരുന്ന ഇന്ത്യയുടെ ഊഷ്മള ബന്ധത്തിന് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഉലച്ചില്‍ തട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇതിനകം പോംപിയോ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ഇറാനുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെത്തുടര്‍ന്നാണ് ഇറാനും അമേരിക്കയും അകലാന്‍ തുടങ്ങിയത്. കരാറിലുള്‍പെട്ട ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി, റഷ്യ തുടങ്ങിയ മറ്റു രാജ്യങ്ങളോട് കരാര്‍ റദ്ദാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് അമേരിക്ക ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്മാറിയത് ഇസ്രാഈലിനു വേണ്ടിയായിരുന്നു. ഈ കരാര്‍ രൂപംകൊള്ളുന്നതിന് മുമ്പു തന്നെ അതിനെതിരേ ഇസ്രാഈല്‍ രംഗത്തുവന്നിരുന്നു. അത് അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക കരാറില്‍നിന്ന് പിന്മാറിയത്. തുടര്‍ന്ന് ഇറാനെതിരേ ഉപരോധവും പ്രഖ്യാപിച്ചു. ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്കയുടെ ഉപരോധത്തിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു. ഇന്ത്യ ഈ നിര്‍ദേശം ആദ്യം സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് അമേരിക്കന്‍ സമ്മര്‍ദം ശക്തമാക്കി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചുരുക്കുകയായിരുന്നു. അല്ലാത്തപക്ഷം ഇന്ത്യയ്‌ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.
മുമ്പ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവ ചുമത്തിയിരുന്നില്ല. ഇതുകാരണം അവ അമേരിക്കയില്‍ യഥേഷ്ടം വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ചുമത്തിയ നികുതി ഒഴിവാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് അമേരിക്ക ഇന്ത്യന്‍ ഇറക്കുമതിക്ക് തീരുവ ചുമത്തുകയും ഇന്ത്യയെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതും അടുത്തകാലത്ത് ഇന്ത്യ- അമേരിക്ക ബന്ധം ഉലയാന്‍ കാരണമായി. ഇതിനൊക്കെ പുറമെയാണ് കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ വകുപ്പ് ഇന്ത്യയിലെ മതസ്വാതന്ത്ര്യം എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. ഇന്ത്യ മതേതര രാഷ്ട്രവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണെന്നും എല്ലാ പൗരരെയും ഒരുപോലെയാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മറുപടി നല്‍കിയെങ്കിലും ബന്ധം നന്നാക്കാന്‍ ഇതുകൊണ്ടായില്ല.
ഈ സംഭവങ്ങള്‍ക്കൊക്കെ പിന്നാലെ പോംപിയോ ഇന്ത്യ സന്ദര്‍ശിച്ചത് രാജ്യാന്തര നയതന്ത്ര വിദഗ്ധരെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. കാര്യം വ്യക്തമാണ്. ഇറാഖിനെ പണ്ട് യു.എസ് ആക്രമിച്ചത് ഇല്ലാത്ത ആണവായുധം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ചായിരുന്നു. അതേപോലെ ഇറാനെതിരെ യുദ്ധം ചെയ്യാന്‍ കാരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് ഈ വിഷയത്തില്‍ ഇന്ത്യയുടെ സഹായം വേണം. ഇറാനുമായി വാണിജ്യ- സൗഹൃദ ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ അതില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു.
അമേരിക്ക ഇപ്പോള്‍ ഇറാനെതിരേ യുദ്ധം ചെയ്യില്ലെങ്കിലും ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ യുദ്ധത്തിനുള്ള സാധ്യത ഏറെയാണ്. ഉപരോധത്തിനു പിന്നാലെ ചര്‍ച്ചയ്ക്കു തയാറാണെന്ന യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ ജറൂസലേം പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാവില്ല. യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ സഹായമാണ് പോംപിയോയുടെ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാനുമായി അമേരിക്ക പോര്‍മുഖത്ത് എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ ഇറാനുമായി തുടരുന്ന സൗഹൃദം അമേരിക്കയ്ക്കു ഭീഷണി തന്നെയാണ്. ആ ഭീഷണി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും ഇന്ത്യക്കുമിടയിലുള്ള തര്‍ക്കത്തിന്റെ മഞ്ഞുരുക്കാനായിരിക്കണം പോംപിയോ ഇന്ത്യ സന്ദര്‍ശിച്ചത്. മഞ്ഞുരുകുമോ ഇല്ലയോ എന്ന് വരുംനാളുകളില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."