മെക്‌സിക്കോ ഇത്ര ദാരിദ്ര്യത്തിലാണോ?- യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെപ്പറ്റി
പിതാവിന്റെ തോളത്ത് കൈവച്ച് പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ മുഖംപൂഴ്ത്തി നില്‍ക്കുന്ന ചിത്രമാണ് മെക്‌സിക്കോ- യു.എസ് അതിര്‍ത്തിയിലെ അഭയാര്‍ഥി പ്രശ്‌നത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചത്. ഏതൊരു മനുഷ്യന്റെയും ഹൃദയം പൊട്ടുന്ന വേദനയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതിര്‍ത്തിയില്‍ വേലികെട്ടാന്‍ വെമ്പല്‍ കൊള്ളുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും പറഞ്ഞുപോയി 'ഞാനാ ചിത്രത്തെ വെറുക്കുന്നു, അതു കണ്ടിരിക്കാനാവില്ല' എന്ന്.
രേഖകളില്ലാതെ അഭയാര്‍ഥികള്‍ അതിര്‍ത്തു കടക്കുന്നതിനെതിരെ യു.എസും മെക്‌സിക്കോയും നിയമം ശക്തമാക്കിയതിന്റെ ഫലമാണിത്. ഇങ്ങനെ എത്രയോ പേര്‍ പാതിവഴിയില്‍ പിടഞ്ഞുവീഴുന്നുണ്ട്. അത്രയേറെ ഹൃദയം പിടിച്ചുകുലുക്കുന്ന ചിത്രം എത്തിയതോടെയാണ് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നു മാത്രം. കഴിഞ്ഞദിവസങ്ങളില്‍ ആറു പേരാണ് അടുത്തടുത്തായി മരിച്ചുവീണത്.
അതിര്‍ത്തി കടക്കുന്നവര്‍
ഹോണ്ടുറാസ്, ഗ്വാട്ടിമല, എല്‍ സാല്‍വഡോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അധികവും. അവിടെ അരങ്ങേറുന്ന അക്രമങ്ങളും ദാരിദ്ര്യവും സഹിക്കാനാവാതെയാണ് മെക്‌സിക്കോ വഴി യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. യു.എസില്‍ എത്തിയാല്‍ അഭയം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവന്‍ പണയംവച്ചുള്ള ഓട്ടം.
അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ട്രംപ് എടുക്കുന്ന കടുത്ത നിലപാടുകളാണ് വലിയ അപകടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ നിന്നു തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ മരിച്ചുവീണവര്‍
കടപ്പാട്: ബി.ബി.സി
2018 ല്‍ മാത്രം യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ 283 പേരാണ് കൊല്ലപ്പെട്ടത്. യു.എസ് ബോര്‍ഡര്‍ പട്രോളിന്റെ കണക്കാണിത്. ഇതിലും എത്രയോ കൂടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
ഓസ്‌കര്‍ ആല്‍ബര്‍ട്ടോ റാമിറസ് എന്ന 25 കാരനും അദ്ദേഹത്തിന്റെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുമകള്‍ വലേരിയയുമാണ് പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.
മെക്‌സിക്കോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റിയോഗ്രാന്‍ഡ് നദീതീരത്താണ് കണ്ടെത്തിയത്. മരണത്തിലേക്ക് കടക്കുന്ന അവസാനശ്വാസത്തിലും തന്റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ചിന്തയില്‍ ആ രണ്ടു വയസുകാരിയെ സംരക്ഷിക്കാനായി പിതാവ് മാര്‍ട്ടിനസ് റാമിറസ് നടത്തിയ ശ്രമം ഏവരുടെയും കാഴ്ചയെ ഈറനണിയിപ്പിക്കുന്നതാണ്.
ദാരിദ്ര്യമാണ് മരണവഴി തെരഞ്ഞെടുത്തത്
റാമിറസിന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു രണ്ടു വയസുകാരി വലേരിയയുടെ മൃതദേഹം കിടന്നിരുന്നത്. മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് റാമിറസ് അവസാന ശ്വാസം വെടിഞ്ഞത്. ട്രംപ് ഗവണ്‍മെന്റിന് കീഴില്‍ യു.എസില്‍ അഭയാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്ന ഉറച്ച ബോധ്യം വന്നതിനാലാണ് റാമിറസും കുടുംബവും റിയോ ഗ്രാന്‍ഡ് നദി കടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഇവര്‍ പുറപ്പെട്ടത്.
യാത്ര തിരിക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചാല്‍ മകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ടീ ഷര്‍ട്ടിനുള്ളില്‍ ചേര്‍ത്തുപിടിച്ചാണ് നീന്താന്‍ തുടങ്ങിയത്. പോകരുതെന്ന് പറഞ്ഞിട്ടും ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള മോചനത്തിന് മാറ്റം വരണമെന്നും ഇനി മടങ്ങില്ലെന്നും പറഞ്ഞാണ് തന്റെ മകന്‍ പോയതെന്ന് റാമിറസിന്റെ മാതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കിനല്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് അവര്‍ പറഞ്ഞു.
'ഇനിയും മുങ്ങിത്താഴുന്ന ചിത്രമെടുക്കാന്‍ ആവില്ല'
മെക്‌സിക്കന്‍ പത്രമായ ലാ ജോര്‍ണാഡയിലെ മാധ്യമപ്രവര്‍ത്തകന്‍ ജൂലിയ ലി ഡൂക്കാണ് ചിത്രം പകര്‍ത്തിയത്. ഇതില്‍ ആരൊങ്കിലുമൊക്കെ ഇടപെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പുഴയില്‍ മുങ്ങിത്താഴുന്ന അഭയാര്‍ഥികളുടെ ചിത്രമെടുക്കാന്‍ ഇനിയും ഞങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."