'നിസാര്‍' നാസ- ഐ.എസ്.ആര്‍.ഒ സംയുക്ത ഉപഗ്രഹം
ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു.
നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ 'നിസാര്‍' എന്നാണ് ഉപഗ്രഹത്തിന് പേരു നല്‍കിയിരിക്കുന്നത്. 2021 ല്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മറ്റ് ഉപഗ്രഹങ്ങള്‍ ഇതുവരെ ഭൂമിയെ നിരീക്ഷിച്ചതില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരിക്കും നിസാറിന്റെ പ്രവര്‍ത്തനം.
150 കോടി ഡോളറാണ് രണ്ടു രാജ്യങ്ങളും ഈ സംരംഭത്തിനായി നീക്കിവെക്കുക. ഇതുവരെയുണ്ടായതില്‍ ഏറ്റവും ചിലവേറിയ എര്‍ത്ത് ഇമേജിംഗ് സാറ്റലൈറ്റായിരിക്കും നിസാര്‍.
2021 ല്‍ ഇന്ത്യയില്‍ വെച്ച് ജിഎസ്എല്‍വി (ജിയോ സിങ്ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) റോക്കറ്റ് ഉപയോഗിച്ചാവും ഉപഗ്രഹം വിക്ഷേപിക്കുക.
രണ്ട് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാറായിരിക്കും നിസാര്‍. 24 സെന്റിമീറ്ററുളള എല്‍ ബാന്‍ഡ് റഡാറും, 13 സെന്റിമീറ്ററുള്ള എസ് ബാന്‍ഡ് റഡാറുമാണ് ഉപഗ്രഹത്തിന്റെ മര്‍മ്മ ഭാഗം. ഇതില്‍ എസ് ബാന്‍ഡ് ഐ.എസ.്ആര്‍.ഒയും എല്‍ ബാന്‍ഡ് നാസയും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉരുള്‍ പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചും ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെ കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും നിസാറിന് സാധിക്കും.
വനം, കൃഷിഭൂമി, എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെ കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാനും ഉപഗ്രഹം വഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."