ലോകകേരള സഭയില്‍ പ്രതിസന്ധി; പ്രതിപക്ഷാംഗങ്ങള്‍ രാജിവച്ചു
തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകകേരള സഭയില്‍നിന്ന് യു.ഡി.എഫ് എം.എല്‍.എമാരും രാജിവച്ചു. യു.ഡി.എഫിന്റെ 41 എം.എല്‍.എമാരും ഒപ്പിട്ട രാജിക്കത്ത് ഇന്നലെ രാവിലെ മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിപക്ഷാംഗങ്ങളുടെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ലോകകേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ രാജിവച്ചിരുന്നു. ചെന്നിത്തലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒമാനില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവ് ശങ്കരന്‍പിള്ള കുമ്പളത്തും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പ്രതിപക്ഷം ഒന്നടങ്കം രാജിവച്ചത് ലോകകേരള സഭയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രവാസി സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടാനും കൂടുതല്‍പേര്‍ ലോകകേരള സഭയോട് വിമുഖത പ്രകടിപ്പിക്കാനും ഇത് കാരണമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എം.എല്‍.എമാര്‍ സംയുക്തമായി നല്‍കിയ രാജിക്കത്തില്‍ പറയുന്നു. വര്‍ഷങ്ങളോളം വിദേശത്ത് ചോര നീരാക്കി ലഭിച്ച പണം ഉപയോഗിച്ച് നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാന്‍ എത്തിയ സാജന്‍ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ ധാര്‍ഷ്ട്യവും നിഷേധാത്മക നിലപാടുമാണ്. മുഖ്യമന്ത്രിക്കും പൊലിസിനും സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയില്‍ മരണത്തിന് ഉത്തരവാദി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവര്‍ക്കെതിരേ കേസെടുക്കാതെ ഉദ്യോഗസ്ഥരില്‍മാത്രം കേസ് ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും സര്‍ക്കാരിന്റെ ഈ നീക്കം വ്യക്തമാണെന്നും യു.ഡി.എഫ് എം.എല്‍.എമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷാംഗങ്ങള്‍ രാജി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയില്‍ അഭ്യര്‍ഥിച്ചു.
രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പേരിലുള്ള ഇത്തരം തീരുമാനം നമ്മള്‍ നല്‍കിയ ഉറപ്പില്‍നിന്നുള്ള പിന്മാറ്റമായി പ്രവാസികള്‍ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വികസനകാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒന്നിച്ചു നില്‍ക്കുമെന്ന് ലോകകേരള സഭക്ക് നല്‍കിയ ഉറപ്പാണ്. ലോക കേരളസഭ ഒരു സര്‍ക്കാരിന്റെ കാലത്തുമാത്രം നിലനില്‍ക്കുന്ന ഒന്നായല്ല നാം വിഭാവനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകകേരള സഭയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണനും പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് പിന്നീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."