രാജമാണിക്യത്തിനെതിരേ അന്വേഷണത്തിന് അനുമതി
മൂവാറ്റുപുഴ: മുന്‍ എറണാകുളം ജില്ലാ കലക്ടറും ഇപ്പോള്‍ കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡിയുമായ ഡോ. എം.ജി രാജമാണിക്യത്തിനെതിരേ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
കൊച്ചി മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിജിലന്‍സിന്റെ തീരുമാനം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മെട്രോ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടറെന്ന നിലയില്‍ രാജമാണിക്യവും ശീമാട്ടി വസ്ത്രശാല ഉടമകളും തമ്മിലുണ്ടാക്കിയ വിവാദ എഗ്രിമെന്റാണ് വിജിലന്‍സ് കേസിനാധാരം.
പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. അന്നത്തെ ജഡ്ജി പി. മാധവന്‍ അന്വേഷണത്തിന് ഉത്തരവിട്ടു . 2016 ഫെബ്രുവരി 26ന് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പി പി.വി ചാക്കോ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
പ്രതികള്‍ക്കെതിരേ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുക്കാനുള്ള കാര്യങ്ങളില്ലെന്നു കാണിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേട്ട അന്നത്തെ വിജിലന്‍സ് ജഡ്ജി ഡോ. കലാം പാഷ വീണ്ടും അന്വേഷിക്കാനും വിജിലന്‍സ് ഇതിലേക്കായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാനും ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി സംബന്ധിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഇപ്പോഴത്തെ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ കേസ് 2021 ഫെബ്രുവരി നാലിലേക്കു മാറ്റി.
കൊച്ചി മെട്രോയ്ക്കായി ആകെ 40 ഹെക്ടര്‍ സ്ഥലമാണ് കെ.എം.ആര്‍.എല്‍ ഏറ്റെടുത്തത്. എല്ലാ ഭൂവുടമകളുമായും എഗ്രിമെന്റിലെത്തി സ്ഥലം വാങ്ങി. ശീമാട്ടിക്കു മാത്രമായി പ്രത്യേക എഗ്രിമെന്റാണ് ഒപ്പിട്ടത്.
ശീമാട്ടിയും എറണാകുളം ജില്ലാ കലക്ടറും തമ്മിലുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം ഒരു സെന്റിന് 28 ലക്ഷം രൂപ രൂപ അധികം ലഭിക്കുന്ന വിധമാണ് 32 സെന്റിന് 896 ലക്ഷം രൂപ ശീമാട്ടിക്ക് കണക്കാക്കിയത്. ശീമാട്ടിയുമായുള്ള എഗ്രിമെന്റ് ചൂണ്ടിക്കാട്ടി മറ്റു ഭൂവുടമകള്‍ നഷ്ടപരിഹാരക്കേസുകളുമായി മുന്നോട്ടുപോയാല്‍ 40 ഹെക്ടര്‍ സ്ഥലത്തിന് മൊത്തം പലിശ ഉള്‍പ്പെടെ 2,500 കോടി രൂപയുടെ അധികബാധ്യത മെട്രോയ്ക്ക് വരും. ഇതു പദ്ധതിയുടെ മൊത്തം ചെലവിന്റെ പകുതി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."